സുരേഷ് ഇനിയും ജീവിക്കും; അവയവദാനത്തിലൂടെ 7 പേര്‍ക്ക് പുതിയ ജീവിതം നല്‍കി തിരുവനന്തപുരം സ്വദേശി
മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സുരേഷ് ലോകത്തോട് വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ.സുരേഷ് (37) എന്ന യുവാവിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആരോഗ്യവകുപ്പിന്‍റെ കെ സോട്ടോ പദ്ധതിയിലൂടെയാണ് നടപടി പൂര്‍ത്തിയാക്കിയത്.
നിര്‍മാണ തൊഴിലാളിയായ സുരേഷ് നവംബര്‍ രണ്ടിന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അഞ്ചാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് അവയവദാനത്തിലുള്ള നടപടി ആരംഭിച്ചു.
കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു; മരണം നാലായി
ഹൃദയം, രണ്ട് വൃക്കകള്‍, കരള്‍ (രണ്ടുപേര്‍ക്ക് പകുത്ത് നല്‍കി), രണ്ട് കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനംചെയ്തത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കാണ് നൽകിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, രണ്ട് കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രി, ഒരു വൃക്ക കിംസ് ആശുപത്രി എന്നിങ്ങനെയാണ് നൽകിയത്. കരള്‍ അമൃതയിലെ രോഗിക്കും കിംസിലെ രോഗിക്കുമായി പകുത്തു നല്‍കി.
സുരേഷിന്‍റെ വേര്‍പാട് ഉണ്ടാക്കിയ ദുഖത്തിനിടയിലും അവയവദാനത്തിന് മുന്നോട്ടുവന്ന ബന്ധുക്കള്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. അവയവ ദാനത്തിനുള്ള നടപടികൾ വേഗത്തിലാക്കാനായി മുഖ്യമന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചിരുന്നു. കാലാവസ്ഥാ പ്രശ്‌നം കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയാതെവന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പോലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അതിവേഗത്തില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.