ആസ്തി നിലവാരം ഉയർന്നു! രണ്ടാം പാദത്തിൽ മികച്ച പ്രകടനവുമായി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എസ്ബിഐയുടെ ലാഭം 9.13 ശതമാനം വർദ്ധനവോടെ 16,099 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിലെ ലാഭം 14,752 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച്, 12.3 ശതമാനം വർദ്ധനവോടെ 39,500 കോടി രൂപയായി. ഇത് മികച്ച ലാഭ വളർച്ച നേടാൻ ബാങ്കിനെ സഹായിച്ചിട്ടുണ്ട്. മുൻ വർഷം കഴിഞ്ഞ പാദത്തിൽ 38,905 കോടി രൂപയായിരുന്നു ലാഭ വളർച്ച.
ഇത്തവണ ബാങ്കിന്റെ ആസ്തി നിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തെക്കാൾ 35.25 ശതമാനം ഇടിഞ്ഞ് 5,087 കോടി രൂപയായി. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 8,413 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി അനുപാതം ഒന്നാം പാദത്തിലെ 0.71 ശതമാനത്തിൽ നിന്ന് 0.64 ശതമാനമായി കുറഞ്ഞിട്ടുണ്ട്.