Leading News Portal in Kerala

വായു മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി; നവംബർ 13 മുതൽ 20 വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം


വായു മലിനീകരണത്താൽ വലഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം. ഇതിനെ തുടർന്ന് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം മലിനീകരണം വർധിക്കാൻ സാധ്യതയുള്ളതിനാൽ നവംബർ 13 മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ കാറുകൾക്ക് ഒറ്റ-ഇരട്ട അക്ക നിയമം നിർബന്ധമാക്കും. ഇത് സംബന്ധിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.

ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങൾ ഒറ്റ തീയതികളിലും ഇരട്ട അക്കമുള്ളവ ഇരട്ട തീയതികളിലുമായിരിക്കും നിരത്തിലിറങ്ങുക. മലിനീകരണം നിയന്ത്രിക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനും വേണ്ടിയാണ് ഈ നിയമം. തിങ്കളാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കാറുകൾക്ക് ഒറ്റ-ഇരട്ട നിയമം ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മലിനീകരണം വളരെ കൂടുതലാണ് ഇപ്പോൾ.

Also read: ഈ നിഗൂഢ നഗരങ്ങളിലേയ്ക്ക് ഒരു യാത്രയായാലോ? യുകെയിലെ പത്ത് ‘പ്രേത നഗരങ്ങൾ’

ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ 7,000-ലധികം ബസുകൾ ഓടുന്നുണ്ട്. അതിൽ 1,000 എണ്ണം ഇലക്ട്രിക് ബസുകൾ ആണെന്നും ഗോപാൽ റായ് പറഞ്ഞു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമെ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി സ്‌കൂളുകൾക്ക് പുറമെ 6 മുതൽ 10 വരെ ക്ലാസുകളും നവംബർ 10 വരെ അടച്ചിടുമെന്നും ഗോപാൽ റായ് പറഞ്ഞു.

ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. ദീപാവലിയ്ക്ക് ശേഷം മലിനീകരണം നിയന്ത്രണാതീതമാകാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതലുകൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഉത്തർ പ്രദേശിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് മൂലമാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഇത്രയും കൂടിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. നോയിഡയിലെ മലിനീകരണം ഇന്നലെ ഡൽഹിയിലേതിക്കാൾ കൂടുതലായിരുന്നു എന്നും ഇത് സംബന്ധിച്ച് അയച്ച കത്തിന് അവർ മറുപടി പോലും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ തലസ്ഥാന നഗരിയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുമായി കേന്ദ്രസർക്കാർ യോഗം വിളിക്കണമെന്നും മന്ത്രി ഗോപാൽ റായ് ശനിയാഴ്ച അയച്ച കത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

“ദീപാവലി ദിനത്തിലെ മലിനീകരണവും അയൽ സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിക്കുന്നതും മറ്റും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമാക്കും. അതിനാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ പ്രവേശനം ഫലപ്രദമായി നിരോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ യുപി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവയുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുമായി അടിയന്തര യോഗം വിളിക്കണമെന്നും റായി കത്തിൽ പറഞ്ഞു.