ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴയുമായി ഐഐടി കാൺപൂർ
ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൺപൂർ (ഐഐടി-കെ). രാസവസ്തുക്കളുടെ മിശ്രിതം മേഘങ്ങളിലേക്ക് വിതറി കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയില്ല എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ. അതേസമയം ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതി ഐഐടി കാൺപൂർ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ മനീന്ദ്ര അഗർവാളിന്റെ നേതൃത്വത്തിൽ ആയിരിക്കും നടപ്പിലാക്കുക.
അഗർവാളും അദ്ദേഹത്തിന് കീഴിലുള്ള എട്ടോളം ഗവേഷകരും ചേർന്നാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. കൂടാതെ ഇതിനായുള്ള നടപടിക്രമങ്ങൾ നടപ്പാക്കുന്നതിന് വിവിധ ഏജൻസികളിൽ നിന്ന് അനുമതി തേടാനുള്ള നടപടികൾ ആരംഭിച്ചതായും ഇവർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുൾപ്പെടെ ഒന്നിലധികം അധികൃതരിൽ നിന്നാണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്.
Also read-വായു മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി; നവംബർ 13 മുതൽ 20 വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം
അതേസമയം കഴിഞ്ഞയാഴ്ച ഡൽഹി-എൻസിആർ മേഖലയിലെ വായുവിന്റെ ഗുണനിലവാരം സൂചിക ഏറ്റവും നിർണായകമായ തലത്തിലെത്തിയിരുന്നു. ഇതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ അത്യന്തം ആശങ്കാജനകമായ എയർ ക്വാളിറ്റി ഇൻഡക്സിന്റെ (എക്യുഐ) മലിനീകരണ തോത് കൂടുതൽ വർദ്ധിക്കുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കൃത്രിമ മഴ ഒരാഴ്ചത്തേക്ക് ഡൽഹിയ്ക്ക് താൽക്കാലിക ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ മേഘങ്ങളുടെ ലഭ്യതയും മറ്റ് അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്ത് ദീപാവലിക്ക് ശേഷമായിരിക്കും നടപടിക്രമങ്ങൾ നടക്കുക.
എന്താണ് ക്ലൗഡ് സീഡിംഗ്?
സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, റോക്ക് സാൾട്ട് തുടങ്ങിയ രാസ പദാർത്ഥങ്ങളാണ് ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്. ഈ രാസ മിശ്രിതത്തെ മേഘങ്ങളിൽ എത്തിച്ച് ഘനീഭവിപ്പിക്കുന്ന പ്രക്രിയയാണ് ഇത്. തുടർന്ന് മേഘങ്ങളിൽ ഈർപ്പം നിലനിൽക്കുന്നതോടെ ജല കണികകൾ ഒരുമിച്ച് ചേർന്ന് ആവശ്യത്തിന് ഭാരമുള്ളതായി തീരുമ്പോൾ ഇത് മഴയായി പെയ്യും.
Also read-ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ഡീസൽ ബസുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം
അതേസമയം ഈ വർഷം ജൂണിൽ, ഗവേഷകർ ഉൾപ്പെടെയുള്ള അഗർവാളിന്റെ സംഘം കോളേജ് കാമ്പസ് പ്രദേശത്ത് ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴയ്ക്കുള്ള പരീക്ഷണം വിജയകരമായി നടത്തുകയും ചെയ്തിരുന്നു. ഇതിനായി ക്യാമ്പസിൽ നിന്ന് 5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. ഇടതൂർന്ന മേഘങ്ങളിലേക്ക് ഈ രാസവസ്തുക്കൾ വിതറിയതിന്റെ ഫലമായി ഗണ്യമായ മഴയും ലഭിച്ചു.
എന്നാൽ ഈ പ്രക്രിയക്കായി പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച ഒരു വിമാനം വാടകയ്ക്ക് എടുക്കുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. കൂടാതെ ഓപ്പറേഷൻ സമയത്ത് ഇതിന്റെ ഓരോ മണിക്കൂറിനും ഏകദേശം 3 മുതൽ 5 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് കണക്ക്. ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങൾ ഈ പദ്ധതി ഇതിനകം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.