ഗാസ ഹമാസ് ഭരിക്കും, ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ല: ഹമാസ് നേതാവ്
ടെല്‍ അവീവ്: ഗാസ മുനമ്പ് തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു പാവ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും ഉള്ള പ്രതികരണവുമായി ലെബനനില്‍ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാന്‍.
‘ഹമാസ് അപ്രത്യക്ഷമാകുമെന്ന് കരുതുന്നവര്‍ക്ക്, ഹമാസ് നമ്മുടെ ജനങ്ങളുടെ മനസില്‍ വേരൂന്നിയിരിക്കും, ഭൂമിയിലെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാനോ പാര്‍ശ്വവത്കരിക്കാനോ കഴിയില്ല,’ ഒസാമ ഹംദാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗാസയില്‍ മറ്റൊരു സര്‍ക്കാര്‍ എന്ന നീക്കം നടപ്പാക്കാന്‍ ഹമാസ് അനുവദിക്കില്ലെന്നും, പ്രദേശത്ത് തങ്ങളുടെ അംഗങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്നും ഹംദാന്‍ പറഞ്ഞു.
ഗാസ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ നിന്ന് മാറ്റാന്‍ അമേരിക്ക പദ്ധതി ഇട്ടിരുന്നുവെന്നാണ് ഹംദാന്റെ വാദം. ‘ ഇസ്രായേലിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു ഭരണകൂടം ഗാസയില്‍ ഉണ്ടാക്കാനും അത് അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ഹമാസ് ഒരിക്കലും അനുവദിക്കില്ല. അത്തരത്തിലൊരു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ അത് ഹമാസ് അംഗീകരിച്ച് തരില്ല’, ഹംദാന്‍ പറയുന്നു.
പലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹമാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.