Leading News Portal in Kerala

യുക്രെയ്ന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉപദേശകന്‍ കൊല്ലപ്പെട്ടു



കീവ്: പിറന്നാള്‍ സമ്മാനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച്
യുക്രെയ്ന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഉപദേശകന്‍ കൊല്ലപ്പെട്ടു. മേജര്‍ ഹെന്നാദി ചാസ്ത്യകോവ് (39) ആണ് കൊല്ലപ്പെട്ടത്.

Read Also: കളത്തിലിറങ്ങി ഇലോൺ മസ്ക്! ഗ്രോക്കിന് മികച്ച പ്രതികരണം, എഐ രംഗത്ത് ഇനി മത്സരം മുറുകും

സഹപ്രവര്‍ത്തകര്‍ നല്‍കിയ സമ്മാനങ്ങളുമായി താമസിക്കുന്ന ഫ്‌ളാറ്റിലെത്തി മകനോടൊപ്പം അവ തുറന്നുനോക്കുന്നതിനിടെയാണ് സംഭവം.

ചാസ്ത്യകോവിന്റെ മകനാണ് ഗ്രനേഡ് കൈയിലെടുത്തത്. തുടര്‍ന്ന് അതിലെ റിംഗ് വലിച്ചൂരി. ഇത് ശ്രദ്ധയില്‍പ്പെട്ട ചാസ്ത്യകോവ് ഉടന്‍ തന്നെ കുട്ടിയുടെ കൈയില്‍ നിന്നും ഗ്രനേഡ് പിടിച്ചു വാങ്ങി. ഈ സമയം സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്ന് യുക്രെയ്ന്‍ ആഭ്യന്തര മന്ത്രി ഇഗോര്‍ ക്ലൈമെന്‍കോ പറഞ്ഞു.

ചാസ്ത്യകോവിന്റെ 13 വയസുള്ള മകനും സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. യുക്രേനിയന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറല്‍ വലേരി സലുഷ്‌നിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ചാസ്ത്യകോവിന് സമ്മാനം നല്‍കിയ ഒരു സഹ സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.