Leading News Portal in Kerala

തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രിയിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലേറ്; ഒരാൾക്ക് പരിക്ക്


തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറിൽ പരിക്കേറ്റത്.

രണ്ട് സംഘങ്ങളാണ് ചേരി തിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടത്. മൈക്ക് ഓഫ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മ്യൂസിയം പൊലീസാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാനവീയം വീഥിയിൽ ഉണ്ടാകുന്ന അഞ്ചാമത്തെ സംഘർഷമാണിത്.

രണ്ടുദിവസം മുമ്പും മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തിയ ലഹരിസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കരമന സ്വദേശിയായ ശിവയാണ് കസ്റ്റഡിയിലായത്. കൂടാതെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണിത്. ഈ ആക്രണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

ചേരിതിരിഞ്ഞാണ് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. മാനവീയം വീഥിയിൽ നൈറ്റ് ലൈഫിനിടെ സംഘർഷം പതിവായതോടെ പൊറുതിമുട്ടിയിരിക്കുകയാണ് പൊലീസ്. മാനവീയത്തിലെ നൈറ്റ് ലൈഫിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരിപാടികൾക്ക് രജിസ്ട്രേഷനും സമയപരിധിയും വേണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.