Leading News Portal in Kerala

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാൻഡ് ചെയ്തു

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാൻഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കെ.കെ.എബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ രണ്ടാമത്തെ അറസ്റ്റാണ് എബ്രാഹിമിന്റേത്. ഇതിന് മുൻപ് പ്രാദേശിക കോൺഗ്രസ് നേതാവും എബ്രാഹാമിന്റെ ബിനാമിയുമായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കെ. എബ്രാഹാമിനെ കസ്റ്റഡിയിലെടുത്തത്. ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കേസ് രജിസ്റ്റർ ചെയതത്. ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയത് കേസിലെ പ്രധാനിയായ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ. തട്ടിപ്പിന് ഒത്താശ ചെയ്ത പുൽപ്പള്ളി ബാങ്കിലെ മുൻ സെക്രട്ടറി രമാദേവിയെയും അറസ്റ്റ് ചെയ്യാൻ ഇ.ഡി ആലോചിക്കുന്നുണ്ട്.

ബാങ്കിൽ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികൾ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ആകെ എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തൽ. ഇങ്ങനെയുള്ള കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നൽകിയിരുന്നു.

മഹി പന്മന