ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം: ഏഴ് പേർ അറസ്റ്റിൽ
നൂഡൽഹി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കളുൾപ്പെടെയുള്ളവരാണ് പിടിയിലായത്.
ഇന്നലെ രാത്രി മദ്യം കഴിച്ചവരാണ് മരിച്ചത്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയിൽ നിർമ്മിച്ച 200 കുപ്പി വ്യാജ മദ്യം അംബാല പൊലീസ് പിടിച്ചെടുത്തു. 14 ഒഴിഞ്ഞ ഡ്രമ്മുകളും അനധികൃത മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. കേസ് അന്വേഷിക്കാൻ യമുനാനഗർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. കൂലിപ്പണിക്കാരായ ആളുകളാണ് മരിച്ചത്. ആന്തരിക അവയവങ്ങളുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് യമുനാനഗർ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു.
മദ്യദുരന്തത്തെ തുടർന്ന് മനോഹർലാൽ ഖട്ടർ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.