Leading News Portal in Kerala

കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ


ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്ത്. പാർട്ടിയുടെ ദേശീയ നേതാക്കൾ തന്റെ മകൻ വിജയേന്ദ്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിയും ബിജെപി മേധാവി ജെപി നദ്ദ ജിയും ഈ തീരുമാനം എടുക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവർ വിജയേന്ദ്രയെ പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിച്ചു. കർണാടകയിൽ 25 സീറ്റെങ്കിലും നേടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അവൻ എല്ലാവരേയും ഒരുമിപ്പിക്കും. അതിനായി ഞങ്ങൾ കഠിനാധ്വാനം ചെയ്യും,’ യെദ്യൂരപ്പ പറഞ്ഞു.

സച്ചിന്റെ കാലിൽ തൊട്ട് വണങ്ങി മാക്‌സ്‌വെൽ; വൈറലായ ചിത്രത്തിന് പിന്നിൽ

കഴിഞ്ഞ ദിവസമാണ് ബിവൈ വിജയേന്ദ്രയെ ബിജെപി കർണാടക ഘടകത്തിന്റെ പുതിയ തലവനായി നിയമിച്ചത്. നളിൻ കുമാർ കട്ടീലിന് പകരക്കാരനായാണ് വിജയേന്ദ്രയെ നിയമിച്ചത്. കർണാടക ബിജെപി വൈസ് പ്രസിഡന്റായിരുന്ന വിജയേന്ദ്രയെ സംസ്ഥാനത്തിന്റെ പുതിയ ഇൻചാർജ് ആയി നിയമിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വ്യക്തമാക്കുകയായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാക്കളുടെ പരിഗണനയിൽ സിടി രവി, സുനിൽകുമാർ, ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവർക്കൊപ്പം മുൻനിരക്കാരനായിരുന്നു വിജയേന്ദ്ര. നിലവിൽ, സംസ്ഥാന നിയമസഭയിൽ ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തെയാണ് വിജയേന്ദ്ര പ്രതിനിധീകരിക്കുന്നത്.