മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മോഷണം: നാലംഗ സംഘം അറസ്റ്റിൽ
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ. തിരുപുറം വില്ലേജില്‍ അരുമാനൂര്‍ കഞ്ചാംപഴഞ്ഞി വെള്ളയംകടവ് വീട്ടില്‍ പ്രദീപ് (38), വാമനപുരം കുറിഞ്ചിലക്കാട് അനസ് മന്‍സിലില്‍ അനസ്(38), ചെറുവയ്ക്കല്‍ മഞ്ചാടി കുന്നില്‍ വീട്ടില്‍ രവികുമാര്‍ (57), ആറ്റിപ്ര വില്ലേജില്‍ കുളത്തൂര്‍ മണ്‍വിള ഗാന്ധി നഗറില്‍ സുബാഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഐ.എസ്.ഐ.എസുമായി പ്രവർത്തിച്ചു, രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; 6 വിദ്യാർത്ഥികൾ അറസ്റ്റിൽ
കഴിഞ്ഞ ദിവസം എസ്.എ.ടിക്ക് സമീപം ക്യാന്റീന് നടത്തിയിരുന്ന പട്ടം പുതുപ്പള്ളി ലെയിന്‍ പി.ആര്.എ-20-ല്‍ താമസിക്കുന്ന മോഹനകുമാർ(65) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഭക്ഷണശാലയിലെ ഉപയോഗത്തിനു ശേഷം ആര്.സി.സിക്ക് സമീപത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് ഗ്യാസ് സിലിണ്ടറുകളും നിരവധി പാത്രങ്ങളും കവര്‍ന്നെടുത്ത സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. കവര്‍ന്നെടുത്ത സാധനങ്ങള്‍ ആക്രി കടകളില്‍ മോഷ്ടാക്കള്‍ വില്‍ക്കുകയായിരുന്നു.
ഇതില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളും ഏതാനും പാത്രങ്ങളും പൊലീസ് കണ്ടെടുത്തു. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ മറ്റ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.