പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ: യുവാവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്.
പ്രതിയുടെ വീട്ടില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് വിപണനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഷൊര്‍ണൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും 227 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. തലശേരി, വടകര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.