ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ, വൈറലായി ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’
സമകാലിക വിഷയങ്ങളെ സർഗാത്മകമായ രീതിയിൽ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഡയറി ബ്രാൻഡാണ് അമുൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പരസ്യങ്ങളാണ് സാധാരണയായി അമുൽ പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകൾക്കകം അമുലിന്റെ പരസ്യങ്ങളും വൈറലാകാറുണ്ട്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള മാർക്കറ്റിംഗ് സ്ട്രാറ്റജി പിന്തുടരുന്ന അമുൽ, ബജറ്റിന്റെ ഒരു ശതമാനത്തിൽ താഴെ വരുന്ന തുക ചെലവഴിച്ചാണ് പരസ്യങ്ങൾ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ അമുലിന്റെ ഏറ്റവും പുതിയ പരസ്യമായ ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
തന്റെ വസ്ത്ര ബ്രാൻഡ് ഇൻസ്റ്റഗ്രാമിൽ പ്രമോട്ട് ചെയ്ത ജാസ്മിൻ കൗറിന്റെ ഒരു വൈറൽ വീഡിയോയിൽ നിന്ന് ഉത്ഭവിച്ച ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’ എന്ന ഓഡിയോയെ ആണ് അമുൽ പരസ്യമാക്കിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് താരങ്ങളടക്കം ഈ ഓഡിയോ ഏറ്റെടുത്തിരിക്കുകയാണ്. അമുലിന്റെ പരസ്യം ഇങ്ങനെയാണ്, പോൾക്ക ഡോട്ട് വസ്ത്രത്തിൽ നീലമുടിയുള്ള അമുൽ ബട്ടര്‍ ഗേൾ അമുൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നു. ചിത്രത്തിൽ, രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന ഒരു പാത്രം നമുക്ക് കാണാം. ചട്ടിയോട് ചേർന്ന് പച്ചക്കറികൾക്കൊപ്പം അമുൽ വെണ്ണയുടെ ഒരു കട്ടയും ഉണ്ട്. ചിത്രത്തിലെ പരസ്യ വാചകം ഇതാണ്, “ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ” ഒപ്പം, “അമുൽ – എപ്പോഴും ജനപ്രിയമാണ്” എന്നുമുണ്ട്. ഈ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും നിറഞ്ഞ് നിൽക്കുകയാണ്.
Also Read: സ്‌റ്റൈപ്പൻഡ് വർധിപ്പിക്കണം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ പണിമുടക്ക്