Leading News Portal in Kerala

മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് കാണാതായ യുവാവ് മരിച്ചു


കോട്ടയം: കോട്ടയത്ത് പുഴയില്‍ വീണ് കാണാതായ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റിലാണ് യുവാവ് മുങ്ങി മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന്, മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു.

അപകടം നടന്നയുടനെ സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമെത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും കോട്ടയം ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലാണ് മൃതദേഹം കണ്ടെത്താനായത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.