Leading News Portal in Kerala

കടലിനടിയില്‍ പത്ത് ദിവസം നീണ്ടുനിന്ന അഗ്നിപര്‍വ്വത സ്‌ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ


ടോക്കിയോ: കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്‌സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ് ഉയര്‍ന്നുവന്നത്.

ഒക്ടോബര്‍ 30ന് ടോക്കിയോയില്‍ നിന്ന് 750 മൈല്‍ (1,200 കിലോമീറ്റര്‍) തെക്ക് മാറിയാണ് ഈ ദ്വീപ് പുതിയതായി രൂപംകൊണ്ടതെന്നാണ് ടോക്കിയോ സര്‍വകലാശാല അഭിപ്രായപ്പെടുന്നത്. ഭൂമിയുടെയും ഭൗമശാസ്ത്രത്തിന്റെയും ചലനാത്മകത വ്യക്തമാക്കുന്ന അത്യപൂര്‍വ്വ സംഭവമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏകദേശം 100 മീറ്ററോളം വ്യാസമുള്ളതാണ് പുതിയ ദ്വീപ്.

ഭൂമിയുടെ ഉപരിതലത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന വളരെ ചൂടുള്ള ദ്രാവകവും ദ്രാവകരൂപത്തിലുള്ള പാറയുമായ മാഗ്മ സമുദ്രജലവുമായി ഇടപഴകുമ്പോള്‍ നീരാവിയുടെയും ചാരത്തിന്റെയും സ്ഫോടനം സംഭവിക്കുന്നു. ഇത് പിന്നീട് ഭൂപ്രദേശമായി മാറുന്നു. ഒക്ടോബര് 21 മുതലാണ് സ്ഫോടനങ്ങള്‍ ആരംഭിച്ചത്. പത്ത് ദിവസങ്ങള്‍ നീണ്ട സ്ഫോടനത്തിനൊടുവില്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന വസ്തുക്കള്‍ ആഴം കുറഞ്ഞ കടല്‍ത്തീരത്ത് അടിഞ്ഞ് കൂടുകയും സമുദ്രോപരിതലത്തിന് മുകളില്‍ ഉയരുകയും ചെയ്തു. ഇത് പിന്നീട് ദ്വീപ് പ്രദേശമായി മാറുകയായിരുന്നു. പുതിയ ദ്വീപ് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. നാസയുടെയും യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെയും സംയുക്ത ഉപഗ്രഹമായ ലാന്‍ഡ്‌സാറ്റ്-9 ആണ് പുതുതായി രൂപപ്പെട്ട ദ്വീപിന്റെ ചിത്രം പങ്കുവെച്ചത്.