Leading News Portal in Kerala

നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നല്‍കണം: സുപ്രധാന വിധിയുമായി ഹൈക്കോടതി


ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നായയുടെ കടിയേറ്റ് ചര്‍മ്മത്തില്‍ മുറിവോ മാംസമോ നഷ്ടപ്പെട്ടാല്‍, 0.2 സെന്റീമീറ്റര്‍ വരെയുള്ള മുറിവിന് കുറഞ്ഞത് 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് നായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട 193 ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി.

അതേസമയം, നായ്ക്കളുടെ കടിയേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പഞ്ചാബ് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6,50,904 നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ 6,50,904 പേരില്‍ 1,65,119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.