Leading News Portal in Kerala

മുതി‍ന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു; വിഎസിനൊപ്പം സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാൾ


ചെന്നൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ശങ്കരയ്യയുടെ അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിഎസ് അച്യുതാനന്ദനൊപ്പം 1964 ലെ കൊല്‍ക്കത്ത സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിവന്ന 32 പേരില്‍ ഒരാളായിരുന്നു ശങ്കരയ്യ. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, രണ്ടു ദശാബ്ദത്തിലധികം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലകളില്‍ ശങ്കരയ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1941ല്‍ മധുര അമേരിക്കന്‍ കോളജിലെ വിദ്യാർഥി നേതാവായാണ് ശങ്കരയ്യ പൊതുപ്രവ‍ർത്തനത്തിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ജയിലിലായി. എട്ടുവര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിനു തൊട്ടുതലേ ദിവസമാണ് ശങ്കരയ്യ ജയിൽ മോചിതനായത്.

1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയി പ്രവ‍ർത്തിച്ചിട്ടുണ്ട്. അടുത്തിടെ 100 വയസ് തികഞ്ഞ വി എസ് അച്യുതാനന്ദന് ശങ്കരയ്യ ആശംസകൾ നേർന്നിരുന്നു.