Leading News Portal in Kerala

അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതി മീരയുടെ നില ഗുരുതരം


ചിക്കാഗോ: അമേരിക്കയില്‍ പള്ളിയുടെ മുറ്റത്ത് വെച്ച് വെടിയേറ്റു വീണ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിയുതിര്‍ത്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഭാര്യ മീരയ്ക്ക് നേരെ വെടിവെച്ചത് എന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

32 കാരിയായ മീര ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമല്‍ വെടിയുതിര്‍ത്തത്.

ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 10മണിയോടെയാണ്‌ സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല. അമലിന്റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും.

2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര.