Leading News Portal in Kerala

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു


ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി.

നവംബർ ഒമ്പതിന് കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ കതോഹലൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. മൈസർ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.