Leading News Portal in Kerala

വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത് ഇങ്ങനെ, അറസ്റ്റ്


എറണാകുളം: ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ 57കാരി പിടിയിൽ. എറണാകുളം മാറാടി സ്വദേശി ഷൈലയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്.

6 ലക്ഷത്തോളം രൂപയാണ് യുവാവിൽ നിന്ന് ഇവർ തട്ടിയത്. ലോട്ടറി വില്‍പ്പനക്കാരിയായ ഇവർ ചോരക്കുഴി ഭാഗത്തുള്ള യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്.

വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇവർ ഒരു യുവതിയുടെ ഫോട്ടോ യുവാവിന് അയച്ചു കൊടുത്തു.

പിന്നീട് ഈ യുവതിയാണെന്ന പേരിൽ ഫോൺ വഴി യുവാവിൽ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവ് പരാതി നൽകിയതോടെയാണ് ഷൈലയെ അറസ്റ്റ് ചെയ്തത്. ഫോണിൽ അയച്ച് നൽകിയ ചിത്രം സോനയെന്ന പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാർക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു. വിശ്വാസ്യത നേടിയതിന് പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാർഗങ്ങളില്ലാത്തതിനാല്‍ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്.

പണം ലഭിച്ചതിന് പിന്നാലെ ഫോണ്‍ വിളി ഇല്ലാതെയായി. ഇതോടെയാണ് ചതിക്കപ്പെട്ടതായി യുവാവിന് വ്യക്തമായത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കൂത്താട്ടുകുളം ഇൻസ്‌പെക്ടർ പിജെ നോബിൾ, എസ്ഐ കെപി സജീവൻ, എഎസ്ഐ അനിൽകുമാർ, സീനിയർ സിപിഒമാരായ ഇകെ മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.