Leading News Portal in Kerala

യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


 

പാലക്കാട്: പാലക്കാട് അമ്മ മരിച്ചത് മകന്റെ അടിയേറ്റ് തന്നെയെന്ന് പൊലീസ്. സംഭവത്തില്‍ മകന്‍ അനൂപ് അറസ്റ്റിലായി. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അച്ഛന്‍ അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പൊലീസ് വ്യക്തമാക്കി. അവശനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് അമ്മക്ക് മകന്റെ മര്‍ദ്ദനമേറ്റത്. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്.

ഹൃദ്രോഗിയായ അപ്പുണ്ണി ശസ്ത്രക്രിയയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. രാവിലെ ഭാര്യയും ബന്ധുവും ചേര്‍ന്ന് വിളിച്ചിട്ടും അനക്കമുണ്ടായില്ല. ഉടന്‍ സമീപവാസികളെ വിളിക്കുന്നതിനിടെ ലഹരിക്ക് അടിമയായ മകന്‍ അനൂപ് ഇവിടേക്ക് എത്തുകയും മരിച്ചു കിടന്ന അച്ഛനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയെയും ബന്ധുവിനെയും ഓടിച്ചിട്ട് മര്‍ദ്ദിച്ചു. കുഴഞ്ഞു വീണ അമ്മ യശോദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമ്മയെ മര്‍ദ്ദിച്ചതായി അനൂപ് മൊഴി നല്‍കി. യശോദയുടെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുണ്ട്. ആന്തരികാവയവകള്‍ക്ക് സാരമായ പരുക്കുണ്ട്.

മര്‍ദ്ദനം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം അപ്പുണ്ണി ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അവശനിലയിലായിരുന്ന അപ്പുണിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മര്‍ദ്ദിച്ചിരുന്നെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്.