തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ
ആഗോള വിപണിയിലടക്കം ഏറെ ഡിമാൻഡ് ഉള്ളവയാണ് കാശ്മീരി ആപ്പിൾ. മറ്റ് ആപ്പിളുകളെക്കാൾ രുചിയിലും ഗുണത്തിലും ഏറെ നിലവാരം പുലർത്തുന്നതിനാൽ കാശ്മീരി ആപ്പിളിന്റെ വിലയും താരതമ്യേന കൂടുതലാണ്. ഇപ്പോഴിതാ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് കാശ്മീരി ആപ്പിൾ വ്യാപാരികൾ വിറ്റഴിക്കുന്നത്. 15 കിലോഗ്രാമിന്റെ ഒരു പെട്ടി കാശ്മീരി ആപ്പിളിന് 1,600 രൂപ വരെയാണ് നിരക്ക്. മുൻ വർഷം 800 രൂപയ്ക്ക് വിറ്റഴിച്ച സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയിലധികം വില വർദ്ധിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ ‘ഫ്രൂട്ട് ബൗൾ’ എന്ന് വിശേഷിപ്പിക്കുന്ന കാശ്മീരി ആപ്പിൾ പ്രീമിയം വിഭാഗത്തിലാണ് വിറ്റഴിക്കുന്നത്.
2007-08-ന് ശേഷം ഇതാദ്യമായാണ് കാശ്മീരി ആപ്പിളിന് ഇത്രയും ഉയർന്ന വില ലഭിക്കുന്നത്. കാശ്മീരിലും, ഹിമാചൽ പ്രദേശിലും ഈ വർഷം ആപ്പിൾ ഉൽപ്പാദനത്തിൽ ഗണ്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30 ശതമാനം വരെയാണ് ഉൽപ്പാദനം ഇടിഞ്ഞത്. ഹിമാചൽ പ്രദേശിൽ ഈ വർഷം മൺസൂൺ സൃഷ്ടിച്ച നാശനഷ്ടം ആപ്പിളിന്റെ ഉൽപ്പാദനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ഇക്കുറി ആപ്പിളിന്റെ വില 50 ശതമാനത്തോളം കുതിച്ചുയർന്നത്.
കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ആപ്പിളുകൾ രാജ്യത്ത് വിറ്റഴിക്കുന്നതിന് പുറമേ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. കാശ്മീരിൽ നിന്ന് മാത്രം പ്രതിവർഷം 18 ലക്ഷം മെട്രിക് ടൺ ആപ്പിളാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ആപ്പിൾ ഉൽപ്പാദനത്തിന്റെ 75 ശതമാനവും കാശ്മീരിൽ നിന്നാണ്.