ഡോ.ഷഹാനയുടെ ആത്മഹത്യ, ഡോ റുവൈസിനെ പോലീസ് പ്രതി ചേർത്തു
തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു റുവൈസിനെ കേസിൽ പ്രതി ചേർത്തത്.
ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ഇയാൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ഭീമമായ സ്ത്രീധനം നൽകാത്തതിനെ തുടർന്നു റുവൈസ് വിവാഹത്തിൽനിന്നു പിന്മാറിയെന്നു ഷഹാനയുടെ അമ്മയും സഹോദരിയും നൽകിയ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ഷഹാനയുടെ ആത്മഹത്യക്ക് പിറകെ റുവൈസിനെ തൽസ്ഥാന ത്തുനിന്നു പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കുകയായിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നായിരുന്നു സംഘടനയുടെ അറിയിപ്പ്.