‘ഐ ലവ് യു’ എന്ന് മാത്രം പറയുന്നത് ലൈംഗികാതിക്രമമല്ല; വൈകാരിക പ്രകടനമെന്ന് ബോംബെ ഹൈക്കോടതി| bombay high court says I love you is merely an expression and does not amount to sexual intent
Last Updated:
കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 35കാരനെ പോക്സോ കേസില്‍ നിന്ന് ഒഴിവാക്കി
മുംബൈ: ഒരു ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്. 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കി.
ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശത്തോടെയുള്ളതായി കണക്കാക്കാന്‍ സാധിക്കില്ല എന്ന് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍കെയുടെ അധ്യക്ഷതയിലുളള ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സ്പർശിക്കുക, മോശമായി സംസാരിക്കുക, ആംഗ്യങ്ങള്‍ കാണിക്കുക എന്നിവയൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നവയാണ്. എന്നാല്‍ ഇഷ്ടമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാളെ പീഡനക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഐ ലവ് യു എന്ന് പറയുന്നതിനപ്പുറം ഒരാളുടെ ലൈംഗിക ഉദ്ദേശം വ്യക്തമാക്കുന്ന രീതിയില്‍ മറ്റ് കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്കെതിരെ ലൈംഗിക പീഡനത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. പോക്‌സോ നിയമപ്രകാരം നാഗ്പുര്‍ സെഷന്‍സ് കോടതി 35കാരന് മൂന്ന് വര്‍ഷം തടവ് വിധിച്ചിരുന്നു. സ്‌കൂള്‍ വിട്ട വരുന്ന 17 വയസുള്ള പെണ്‍കുട്ടിയെ കൈയില്‍ പിടിച്ചതിന് ശേഷമാണ് ഇയാള്‍ ഐ ലവ് യു എന്ന് പറഞ്ഞത്. സംഭവം കുട്ടി വീട്ടില്‍ പറയുകയും അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Summary: The Nagpur bench of the Bombay High Court has acquitted a 35-year-old man accused of molesting a teenager, while observing that saying ‘I love you’ is merely an expression and does not in itself amount to “sexual intent”.
Mumbai,Maharashtra
July 02, 2025 10:47 AM IST