ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ | Kerala University Registrar suspended over Bharat Mata controversy
Last Updated:
രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള
സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണർ പങ്കെടുക്കുന്ന പരിപാടിയ്ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്എഫ്ഐ, കെഎസ്യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.
അതേസമയം സസ്പെൻഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെ എസ് അനിൽകുമാർ പ്രതികരിച്ചു. രാജ്ഭവനിൽ സർക്കാർ പരിപാടികൾക്ക് ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. രാജ്ഭവനിലെ ചടങ്ങിനിടെ ഭാരതാംബ ചിത്രം സ്ഥാപിച്ചത് കണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചത് അടുത്തിടെയാണ്. ഇതിനിടെയാണ് സസ്പെൻഷൻ നടപടി.
Thiruvananthapuram,Kerala
July 02, 2025 5:54 PM IST