‘കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകൂ!’ ഇലോണ്‍ മസ്‌കിന് ട്രംപിന്റെ നാടുകടത്തല്‍ ഭീഷണി | Trump’s deportation warning to Elon Musk
Last Updated:
ജൂണ്‍ ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തെറ്റിപ്പിരിഞ്ഞത്
തന്റെ മുന്‍ ഉപദേഷ്ടാവും ശതകോടീശ്വനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിനെ നാടുകടത്തുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ടെക് കോടീശ്വരന്‍ കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍’ മസ്‌ക് ഇടഞ്ഞതാണ് മുന്നറിയിപ്പിനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
”യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ ശക്തമായി പിന്തുണയ്ക്കുന്നതിന് വളരെ മുമ്പ് തന്നെ, ഞാന്‍ ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന കാര്യം ഇലോണ്‍ മസ്‌കിന് അറിയാമായിരുന്നു. അത് പരിഹാസ്യമാണ്. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ഇലക്ട്രിക് കാറുകൾ നല്ലതാണ്. എന്നാല്‍ എല്ലാവരും അത് വാങ്ങാന്‍ നിര്‍ബന്ധിതരാകരുത്. ചരിത്രത്തിലെ ഏതൊരാളേക്കാളും കൂടുതല്‍ സബ്‌സിഡി ഇലോണിന് ഇതുവരെ ലഭിച്ചിരുന്നിരിക്കാം. എന്നാല്‍ സബ്‌സിഡി ഇല്ലെങ്കില്‍ ഇലോണ്‍ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും,” ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
”ഇനി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങളോ ഇലക്ട്രിക് കാര്‍ നിര്‍മാണമോ ഉണ്ടാകില്ല. നമ്മുടെ രാജ്യം ഒരു ഭാഗ്യം ലാഭിക്കും. നമ്മുടെ ഡോജ് ഇത് നന്നായി പരിശോധിക്കേണ്ടതുണ്ടോ? മഹത്തായ പണം ലാഭിക്കണം,” ട്രംപ് കൂട്ടിച്ചേര്‍ത്തു
ജൂണ്‍ ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തെറ്റിപ്പിരിഞ്ഞത്. ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ബജറ്റിനെയും നിയമനിര്‍മാണത്തിനുള്ള ചെലവിനെയും ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ബജറ്റിലെ വര്‍ധിച്ചുവരുന്ന കമ്മിയെയും ഇലക്ട്രിക് വാഹന നികുതി ക്രെഡിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെയും മസ്‌ക് എതിര്‍ത്തു. അടുത്തിടെ ട്രംപ് ഭരണകൂടത്തിനെതിരേ മസ്‌ക് പുതിയ ചില വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ”ഭ്രാന്ത്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ, റിപ്പബ്ലിക്, ഡെമോക്രാറ്റിക് പാര്‍ട്ടികളോടുള്ള അതൃപ്തി ചൂണ്ടിക്കാട്ടി മൂന്നാമതൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും മസ്‌ക് സംസാരിച്ചു.
യുഎസിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ(DOGE) തലവനായി മസ്‌കിനെ നിയമിച്ച ട്രംപ് തന്നെ അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി. ആദ്യം ഓവല്‍ ഓഫീസിലാണ് നിരാശ പ്രകടിപ്പിച്ചത്. പിന്നീട് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള കോടിക്കണക്കിന് ഡോളറുകളുടെ സര്‍ക്കാര്‍ കരാറുകളും സബ്‌സിഡികളും അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെ ട്രംപ് നന്ദി കേട് കാണിച്ചുവെന്ന് മസ്‌ക് തിരിച്ചടിച്ചു. തന്റെ പിന്തുണയില്ലെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നുവെന്ന് പരസ്യമായി വിളിച്ചുപറഞ്ഞു. എക്‌സില്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പോലും കൊണ്ടുവന്നു. നാസ ഉപയോഗിക്കുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം സൂചന നല്‍കി. ട്രംപ് എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മസ്‌ക് അവകാശപ്പെടുകയും കൂടി ചെയ്തതോടെ തര്‍ക്കം അതിരൂക്ഷമായി. എന്നാല്‍ ടെസ്ല മേധാവി ഈ ആരോപണം പിന്നീട് പിന്‍വലിച്ചു.
July 01, 2025 2:05 PM IST