Last Updated:
കോവിഡ് 19 തുടക്ക സമയത്ത് 2020-ല്‍ യുഎഇയില്‍ ഐപിഎല്‍ സീസണിന്റെ മദ്ധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
ക്രിക്കറ്റ് ആയാലും സിനിമ ആയാലും താരവിവാഹങ്ങളും പ്രണയവും വിവാഹാഭ്യര്‍ത്ഥനകളുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും ഭാര്യയും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനും അവരുടെ വിവാഹത്തിലേക്കെത്തിയ രസകരമായ നിമിഷങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍.
കോവിഡ് 19 തുടക്ക സമയത്ത് 2020-ല്‍ യുഎഇയില്‍ ഐപിഎല്‍ സീസണിന്റെ മദ്ധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. രണ്ട് വര്‍ഷത്തെ പ്രണയത്തിനുശേഷം 2021-ലാണ് ബുംറയും സഞ്ജന ഗണേശനും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് അംഗദ് എന്നൊരു മകനുമുണ്ട്. 2023-ലാണ് മകന് ജനിച്ചത്.
മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിനും ഭാര്യ ഗീത ബസ്രയ്ക്കും നല്കിയ അഭിമുഖത്തിലാണ് എങ്ങനെയാണ് ബുംറ സഞ്ജനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. മുറി അലങ്കരിച്ചും കേക്ക് മുറിച്ചും ബാല്‍ക്കണിയില്‍ നിറയെ മെഴുകുതിരികള്‍ കത്തിച്ചുമാണ് ബുംറ തന്റെ പ്രണയം വെളിപ്പെടുത്തിയത്. സഞ്ജനയെ ബാല്‍ക്കണിയിലേക്ക് കൂട്ടികൊണ്ടുപോയി വിവാഹം ചെയ്യാനുള്ള താല്‍പ്പര്യം സര്‍പ്രൈസ് ആയി അറിയിക്കാനായിരുന്നു ബുംറയുടെ പദ്ധതി. സര്‍പ്രൈസ് വെളിപ്പെടുത്തും മുമ്പുതന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്തിയപ്പോള്‍ ബുംറയുടെ ആകാംഷ കാരണം താന്‍ ആശയക്കുഴപ്പത്തിലായെന്ന് സഞ്ജന പറയുന്നു.
അന്നൊരു കോവിഡ് സമയത്താണ് സഞ്ജനയോട് താൻ വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് ബുംറ പറഞ്ഞു. ഭാഗ്യത്തിന് ആ സമയത്ത് രണ്ടു പേരും അബുദാബിയില്‍ ഉണ്ടായിരുന്നുവെന്നും താന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ആയിരുന്നുവെന്നും ബുംറ പറഞ്ഞു. ടൂര്‍ണമെന്റ് കഴിഞ്ഞ് സഞ്ജനയെ പ്രൊപ്പോസ് ചെയ്യാന്‍ ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൈയ്യില്‍ ഒരു മോതിരം കരുതിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഗ്രൗണ്ടില്‍ നടന്ന ഇന്ററാക്ഷനുകളില്‍ അല്ലാതെ വിധി അനുവദിക്കാത്തതിനാല്‍ തങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെന്നും ബുംറ പറഞ്ഞു.
പിന്നീട് ഐപിഎല്‍ അധികൃതരുടെ സഹായത്തോടെയാണ് ബുംറ സഞ്ജനയുമായി സംസാരിക്കാനുള്ള അവസരമൊരുക്കിയത്. സഞ്ജന എത്തിയപ്പോള്‍ എല്ലാ സജ്ജീകരണങ്ങളും താന്‍ തന്നെ ചെയ്തതായും ബുംറ പറയുന്നുണ്ട്. കേക്ക് ഒരുക്കി, മുറി അലങ്കരിച്ചു, മോതിരം റെഡിയാക്കി വച്ചിരുന്നുവെന്നും ബുംറ വിശദീകരിച്ചു. വിവാഹത്തിലേക്ക് എത്തിച്ച കഥയുടെ ബാക്കി ഭാഗം പൂര്‍ത്തിയാക്കിയത് സഞ്ജനയാണ്.
താന്‍ മുറിയിലേക്ക് ചെന്നപ്പോള്‍ ‘ബാല്‍ക്കണിയിലേക്ക് വരൂ…’ എന്ന് ബുംറ പറഞ്ഞതായി സഞ്ജന പറഞ്ഞു. കുറച്ച് വെള്ളമെങ്കിലും തരാന്‍ പറഞ്ഞപ്പോള്‍ ‘ഇല്ല, ബാല്‍ക്കണിയിലേക്ക് വരൂ…’ എന്ന് തന്നെയാണ് ബുംറ വീണ്ടും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാല്‍ക്കെണിയില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചിരുന്നുവെന്നും എന്നാല്‍ കാറ്റ് അത് കെടുത്തികൊണ്ടിരുന്നതായും താന്‍ വളരെയധികം കഷ്ടപ്പെട്ടുവെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.
ആന്ഡേഴ്സണ്-ടെന്‍ഡുല്‍ക്കല്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കുന്നതിനായി ഇംഗ്ലണ്ടിലാണ് ബുംറയും സഞ്ജന ഗണേശനും. ഹെഡിംഗ്ലിയില് നടന്ന ആദ്യ ടെസ്റ്റിൽ മികച്ച ഫോമിലായിരുന്നു ബുംറ. എന്നാല്‍ അവസാന ദിവസം അഞ്ച് വിക്കറ്റിന്റെ തോല്‍വി അദ്ദേഹത്തിന് തടുക്കാനായില്ല. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ബുംറ കളിക്കുമോ എന്നതിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളുയരുന്നുണ്ട്.
Thiruvananthapuram,Kerala
June 30, 2025 5:51 PM IST