‘ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കള്‍’; ഫത്വയുമായി ഇറാനിലെ ഉന്നത ഷിയാ പുരോഹിതന്|Trump and Netanyahu are enemies of God Iran s top Shia cleric issues fatwa
Last Updated:
ലോകമെമ്പാടുമുള്ള മുസ്ലീം ജനത ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുരോഹിതന് ആഹ്വാനം ചെയ്തു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ ഇറാനിലെ ഉന്നത ഷിയാ പുരോഹിതന് ഫത്വ പുറപ്പെടുവിച്ചു. ട്രംപിനെയും നെതന്യാഹുവിനെയും ‘ദൈവത്തിന്റെ ശത്രുക്കള്‍’ എന്നാണ് ഷിയാ പുരോഹിതന് ആയത്തുള്ള നാസര്‍ മകരേം ഷിറാസി വിളിച്ചത്. ലോകമെമ്പാടുമുള്ള മുസ്ലീം ജനത ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുരോഹിതന് ആഹ്വാനം ചെയ്തു.
ഇസ്ലാമിക ഉമ്മത്തിന്റെ (സമൂഹത്തിന്റെ) നേതൃത്വത്തെയും അധികാരത്തെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന ആരെയും യുദ്ധപ്രഭു അല്ലെങ്കില്‍ മൊഹറബിന്റെ കുറ്റവാളിയായി കണക്കാക്കിയാണ് ഫത്വ പ്രഖ്യാപിച്ചിരിക്കുന്നത്. ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ പരാമര്‍ശിക്കാന്‍ ഇറാന്റെ ശിക്ഷാ നിയമത്തില്‍ ഈ പദം ഉപയോഗിക്കുന്നു.
ഇസ്ലാമിക ഉമ്മത്തിനും അതിന്റെ പരമാധികാരത്തിനും ഹാനി വരുത്തുന്നതിനായി നേതൃത്വത്തെയും അധികാരത്തെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും യുദ്ധപ്രഭുവായി കണക്കാക്കുന്നുവെന്ന് ആയത്തുള്ള മകരേം ഷിറാസി ഫത്വയില് പ്രഖ്യാപിച്ചു. ഇത്തരം വ്യക്തികളുമായുള്ള പിന്തുണയും സഹകരണവും മുസ്ലീങ്ങള്‍ക്ക് നിഷിദ്ദമാണെന്നും പുരോഹിതന് പറഞ്ഞു. ആഗോള മുസ്ലീങ്ങള്‍ ട്രംപിനെയും നെതന്യാഹുവിനെയും അവരുടെ വാക്കുകള്‍ക്കും ചെയ്തികള്‍ക്കും പശ്ചാത്തപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശത്രുക്കളുടെ തിന്മയില് നിന്നും ദൈവം ഇസ്ലാമിക സമൂഹത്തെ സംരക്ഷിക്കുമെന്നും യുഗത്തിന്റെയും കാലത്തിന്റെയും യജമാനന്റെ പുനരാഗമനം വേഗത്തിലാക്കുമെന്നും ഫത്വയില് പറയുന്നു. ഇറാന്റെ ഇസ്ലാമിക ശിക്ഷാ നിയമമനുസരിച്ച് ‘മൊഹറബ്’ ആണെന്ന് തെളിയിക്കപ്പെട്ട ഒരാള്‍ക്ക് വധശിക്ഷ കുരിശിലേറ്റല്‍, വലതു കൈയും ഇടതു കാലും ഛേദിക്കല്‍, അല്ലെങ്കില്‍ നാടുകടത്തല്‍ എന്നിങ്ങനെ കഠിനമായ ശിക്ഷകള്‍ നേരിടേണ്ടി വന്നേക്കാം.
ഇറാനും യുഎസും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ഫത്വ. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് പങ്കുചേര്‍ന്നതോടെയാണിത്. ജൂണ്‍ 13-നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. മുതിര്‍ന്ന കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ഇസ്രായേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി ഇറാന് പ്രതികരിച്ചു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയും ആക്രമണം നടത്തി. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിൽ യുഎസ് സൈന്യം നടത്തിയ രഹസ്യ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർന്നു. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയതോടെ അവസാനിച്ചു. ഇതിനുശേഷമാണ് ഇറാന് യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയര്‍ത്തിയാല്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുള്ളത്.
New Delhi,Delhi
June 30, 2025 3:34 PM IST