ഏപ്രിലോടെ ഇന്ത്യയില്‍ തുടങ്ങാന്‍ ടെസ്ല; 22 ലക്ഷം രൂപയ്ക്ക് താഴെ ഇലക്ട്രിക് കാർ ലഭിക്കുമെന്നും റിപ്പോര്‍ട്ട്|Elon Musk Tesla Targets Electric Cars Launch In India on April Ls Priced Below Rs 22 Lakh
Last Updated:
പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബെര്‍ലിനിലെ പ്ലാന്റില്‍ നിന്നും ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് സൂചന
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പ്രമുഖ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ടെസ്ല ഏപ്രിലോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബെര്‍ലിനിലെ പ്ലാന്റില്‍ നിന്നും ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മുംബൈയിലെ ബികെസി ബിസിനസ് ജില്ലയിലും ന്യൂഡല്‍ഹിയിലെ എയ്‌റോസിറ്റിയിലും കമ്പനിയുടെ ഷോറൂമിനായി സ്ഥലം നോക്കിവരികയാണ്. ഇന്ത്യന്‍ വിപണിയില്‍ 22 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ചുകൊണ്ടാകും ടെസ്ലയുടെ ഇന്ത്യയിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള പദ്ധതികളെപ്പറ്റി ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറക്കുമതി തീരുവയിലെ കുറവും ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് ടെസ്ലയ്ക്ക് പ്രചോദനമായി. 40000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറച്ചതുള്‍പ്പടെയുള്ള സമീപകാല സര്‍ക്കാര്‍ നയങ്ങളാണ് ടെസ്ലയടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലെത്താന്‍ അനുകൂല സാഹചര്യമൊരുക്കിയത്.
അമേരിക്കയുമായുള്ള വ്യാപാരബന്ധം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ഓട്ടോമൊബൈല്‍ മേഖലയിലെ താരിഫുകളും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഈവര്‍ഷമവസാനത്തോടെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടൊപ്പം ഇലോണ്‍ മസ്‌കും ഉണ്ടാകുമെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ടെസ്ല റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായുള്ള വാര്‍ത്തകളും ചര്‍ച്ചയായിരുന്നു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നില്‍ കമ്പനി പരസ്യം നല്‍കിയിരുന്നു. ടെസ്ല സിഇഒയായ ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഈ നീക്കം.
New Delhi,Delhi
February 20, 2025 6:44 AM IST
ഏപ്രിലോടെ ഇന്ത്യയില്‍ തുടങ്ങാന്‍ ടെസ്ല; 22 ലക്ഷം രൂപയ്ക്ക് താഴെ ഇലക്ട്രിക് കാർ ലഭിക്കുമെന്നും റിപ്പോര്‍ട്ട്