ദക്ഷിണേന്ത്യയെ ചിന്നഭിന്നമാക്കാൻ ശ്രമിച്ച ഭീകരൻ അബൂബക്കർ സിദ്ദിഖ് 30 വർഷത്തിന് ശേഷം പിടിയിൽ | Mastermind behind south India bombing abu bakar siddique arrested
Last Updated:
2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനാണ് അബൂബക്കർ സിദ്ദിഖ്
ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ അന്നമയ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്.
തമിഴ്നാട് നാഗൂർ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് 1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്ഫോടന കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫിസ് സ്‌ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനം, ചെന്നൈ എഗ്മൂർ പൊലീസ് കമ്മിഷണർ ഓഫിസ് സ്ഫോടനം, 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനുമാണ്.
അബൂബക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ സിദ്ദിഖ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലി എന്നൊരാളെയും തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ 1999 മുതൽ ഒളിവിലായിരുന്നു
അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും തമിഴ്നാട് പൊലീസും പറഞ്ഞു.
Chennai,Tamil Nadu
July 01, 2025 7:30 PM IST