Leading News Portal in Kerala

നടാഷ പൂനാവാല: ജെഫ് ബെസോസിൻ്റെ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക വ്യക്തി|Natasha Poonawalla Only Indian among 200 A-listers to attend Jeff Bezos and Lauren Sánchez’s wedding


Last Updated:

വിവാഹശേഷം പാരിസില്‍ നടക്കുന്ന അത്യാഡംബര വിരുന്നിലും നടാഷ പൂനാവാല പങ്കെടുക്കും

News18News18
News18

ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചെസും ഇന്ന് വെനീസില്‍ വച്ച് വിവാഹിതരാകുകയാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഡംബര വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനില്‍ മുഴുവനും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആര്‍ക്കായിരിക്കും ഈ ആഡംബര വിവാഹ വിരുന്നില്‍ പങ്കെടുക്കാനുള്ള നറുക്ക് വീണിട്ടുണ്ടാകുക എന്നല്ലേ…?

ബെസോസിന്റെ അത്യാഡംബര വിവാഹത്തില്‍ 200 ഓളം അതിഥികളാണ് പങ്കെടുക്കുന്നത്. വധൂവരന്മാരുടെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ വിവാഹത്തില്‍ പങ്കെടുക്കുന്ന ഉന്നതര്‍ ആരൊക്കെയാണെന്ന് അറിയണ്ടേ. സെലിബ്രിറ്റികളും ബിസിനസ് നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളിലുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, അമേരിക്കന്‍ ഗായിക ബിയോണ്‍സെ, ലിയോനാര്‍ഡോ ഡികാപ്രിയോ, ബില്‍ ഗേറ്റ്‌സ്, ഒര്‍ലാന്‍ഡോ ബ്ലൂം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക വ്യക്തി നടാഷ പൂനാവാലയെന്ന ബിസിനസ് വനിതയാണ്. ജെഫ് ബെസോസിന്റെയും ലോറന്‍ സാഞ്ചെസിന്റെയും അടുത്ത സുഹൃത്താണ് നടാഷയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹശേഷം പാരിസില്‍ നടക്കുന്ന അത്യാഡംബര വിരുന്നിലും നടാഷ പൂനാവാല പങ്കെടുക്കും.

ആരാണ് നടാഷ പൂനാവാല ?

ഇന്ത്യന്‍ സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ് നടാഷ പൂനവാല. ഫാഷനോടുള്ള അവരുടെ അഭിനിവേശം കാരണം മെറ്റ് ഗാല റെഡ് കാര്‍പെറ്റിലും നടാഷ പൂനാവാല സ്ഥിരം സാന്നിധ്യമായിരുന്നു. 43-കാരിയായ നടാഷ 1981 നവംബര്‍ 26-ന് പൂനെയിലാണ് ജനിച്ചത്. പ്രമേഷിന്റെയും മിന്നി അറോറയുടെയും മകളാണ് ഇവര്‍.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയും ശതകോടീശ്വരനുമായ ആദര്‍ പൂനാവാലയെ 2006-ല്‍ നടാഷ വിവാഹം ചെയ്തു. വിജയ് മല്ല്യ ഗോവയില്‍ സംഘടിപ്പിച്ച ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്. സൈറസും ഡാരിയസും.

വില്ലൂ പൂനാവാല ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും കൂടിയാണ് നടാഷ. നെതര്‍ലന്‍ഡ്‌സിലുള്ള പൂനാവാല സയന്‍സ് പാര്‍ക്കിന്റെ ഡയറക്ടറും കൂടിയാണിവര്‍.

സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ നടാഷ 2004-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഏതാണ്ട് 660 കോടി രൂപയുടെ ആസ്തി ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 750 കോടി രൂപ വിലമതിക്കുന്ന ലിങ്കണ്‍ ഹൗസിലാണ് ഇവര്‍ താമസിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ആഡംബര വസ്തുവകകള്‍, വിവിധ നേതൃപദവികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള മൊത്തം മൂല്യമാണ് നടാഷ പൂനാവാലയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നനായ ബിസിനസുകാരനെ വിവാഹം ചെയ്ത ഇവരുടെ ആഡംബര ജീവിതം ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിച്ചിരുന്നു.

2024 വരെയുള്ള കണക്കുപ്രകാരം ആദര്‍ പൂനാവാല നയിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മൂല്യം ഏതാണ്ട് 2.11 ലക്ഷം കോടി രൂപയിലധികമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/

നടാഷ പൂനാവാല: ജെഫ് ബെസോസിൻ്റെ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക വ്യക്തി