മിന്നൽ സ്പീഡ്! ലോകത്തിലെ ആദ്യ 10ജി ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ചൈനയില്‍| world first 10g network launched in china
ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള സുനാന്‍ കൗണ്ടിയില്‍ ആരംഭിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തില്‍ ചൈന പുതു ചരിത്രം കുറിച്ചിരിക്കുകയാണ്.
ടെലികോം ഭീമന്‍ ഹ്വാവേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ചൈന യൂണികോമും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം സെക്കന്‍ഡില്‍ 9,834 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയാണ് ലക്ഷ്യമിടുന്നത്. അതായത്, സെക്കന്‍ഡില്‍ 10 ഗിഗാബൈറ്റ്‌സ് വേഗത. അപ് ലോഡ് ഏകദേശം 1,008 എംബിപിഎസ് അഥവാ ഒരു ജിബി ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. നെറ്റ്‌വര്‍ക്ക് ലേറ്റന്‍സി മൂന്ന് മില്ലി സെക്കന്‍ഡ് വരെയാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
നൂതനമായ 50ജി പാസീവ് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയാണ് (പിഒഎന്‍) അതിവേഗ നെറ്റ്‌വര്‍ക്കിന് കരുത്ത് പകരുന്നത്. നിലവിലുള്ള ഫൈബര്‍ ഓപ്റ്റിക് ഇന്‍ഫ്രസ്ട്രക്ച്ചറിലെ ഡേറ്റ ട്രാന്‍സ്മിഷന്‍ ശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.
നെറ്റ്‌വര്‍ക്കിന്റെ അമ്പരപ്പിക്കുന്ന വേഗത വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു 20 ജിബി 4കെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 1 ജിബിപിഎസ് കണക്ഷനില്‍ എടുക്കുന്ന സമയം ഏഴ് മുതല്‍ 10 മിനുറ്റ് ആണ്. 10ജി ഉപയോഗിച്ച് ഇത് വെറും 20 സെക്കന്‍ഡിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
ക്ലൗഡ് കമ്പ്യൂട്ടിങ്, ഇമ്മേര്‍സീവ് വിര്‍ച്വല്‍, ഒഗുമെന്റഡ് റിയാലിറ്റി, സ്മാര്‍ട്ട് ഹോം സിസ്റ്റം തുടങ്ങി വിവിധ ഹൈ ബാന്‍ഡ്‌വിഡ്ത്ത് ആപ്ലിക്കേഷനുകളെ 10ജി നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായിട്ടുള്ള ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയില്‍ ചൈനയെ മുന്‍നിരയിലേക്കുയര്‍ത്താന്‍ ഈ പദ്ധതി വഴിയൊരുക്കും. നിലവില്‍ യുഎഇയിലും ഖത്തറിലും ലഭ്യമാണെന്ന് പരസ്യപ്പെടുത്തിയിട്ടുള്ള അതിവേഗ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയാണ് ചൈന മറികടക്കാന്‍ പോകുന്നത്.
വിനോദ, ഉപഭോക്തൃ ആപ്ലിക്കേഷനുകളിലെ വേഗതയ്ക്കുപുറമേ വിവിധ മേഖലകളുടെ ഉന്നമനത്തിനും ഈ കണ്ടുപിടുത്തം ഗുണകരമാകും. ടെലിമെഡിസിന്‍, വിദൂര വിദ്യാഭ്യാസം, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ഇത് വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവിധ മേഖലകളില്‍ പ്രകടനം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.
ടെലികോം രംഗത്ത് ആഗോളതലത്തില്‍ തന്നെ മുന്‍പന്തിയിലുള്ള കമ്പനിയാണ് ഹ്വാവേ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന യൂണികോമുമായുള്ള ഇവരുടെ പങ്കാളിത്തം ലോകത്തെ അത്ഭുതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ കാര്യത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ പുരോഗതിയിലും ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ ദീര്‍ഘകാല പരിശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ പദ്ധതി. ലോകത്ത് തന്നെ നിലവില്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ഈ രംഗത്ത് കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളാണ് 10ജി പദ്ധതിയിലൂടെ അടിവരയിടുന്നത്.
New Delhi,New Delhi,Delhi
April 22, 2025 4:09 PM IST