ഉഭയ സമ്മതത്തോടെയുള്ള ബന്ധം തകർന്ന ശേഷം ബലാത്സംഗം ഉന്നയിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി Kerla High Court says rape allegations cannot be raised later on the grounds that a consensual relationship has broken down
Last Updated:
വിവാഹിതയായ ഒരു സ്ത്രീ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായ മലപ്പുറം സ്വദേശിയായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം
ഉഭയസമ്മതത്തോടെയുള്ള ബന്ധം പിന്നീട് തകർന്നാൽ ബലാത്സംഗ കുറ്റം ഉന്നയിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പരാതിക്കാരി നിലവിൽ വിവാഹബന്ധത്തിലാണെങ്കിൽ, വിവാഹ വാഗ്ദാനം നൽകി വഞ്ചനാപരമായി സമ്മതം നേടിയതായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹിതയായ ഒരു സ്ത്രീ നൽകിയ പരാതിയിൽ കോഴിക്കോട് താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായ മലപ്പുറം സ്വദേശിയായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നിരീക്ഷണം നടത്തിയത്.
ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയെ 2024 നവംബർ 3നും നവംബർ 4നും ഇടയിൽ താമരശ്ശേരിക്കടുത്തുള്ള ഒരു ഹോട്ടലിൽ വെച്ച് പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ആരോപണങ്ങൾ തെറ്റാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായതിന്റെ പേരിൽ യാതൊരു അടിസ്ഥാനവുമില്ലാതെ ബലാത്സംഗ കേസാക്കി മാറ്റിയെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പരാതിക്കാരി 2023ൽ വിവാഹിതയായിരുന്നു. ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ വിവാഹബന്ധം ഇപ്പോഴും തുടരുന്നുവെന്നുമാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇൻസ്റ്റാഗ്രാം വഴിയാണ് 27കാരനെ പരാതിക്കാരി പരിചയപ്പെട്ടത്. തുടർന്ന് സ്നാപ്ചാറ്റിലൂടെ ഇവർ ബന്ധം തുടർന്നു. അവധിക്ക് വീട്ടിലേക്ക് മടങ്ങാനെന്ന വ്യാജേന തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ പോയെന്നും അവിടെവെച്ച് ഹർജിക്കാരൻ തന്നെ കൂട്ടിക്കൊണ്ടുപോയെന്നും പരാതിക്കാരി പറയുന്നു. പിന്നീട് അവർ ഒരുമിച്ച് വയനാട്ടിലേക്ക് യാത്ര ചെയ്തു. വഴിയിൽ താമരശ്ശേരിക്കടുത്തുള്ള ഒരു ഹോട്ടലിൽ മുറി എടുത്ത് അവിടെ ഒരു രാത്രി ചെലവഴിച്ചു. പിറ്റേന്ന് അവർ തിരൂരിലേക്ക് പോയി മറ്റൊരു ഹോട്ടലിൽ താമസിച്ചു. അതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നുമാണ് പരാതിക്കാരി മൊഴി നൽകിയത്.
ഹർജിക്കാരനെ കാണാൻ പരാതിക്കാരി സ്വന്തം ഇഷ്ടപ്രകാരം പോയി എന്നും രണ്ട് വ്യത്യസ്ത ഹോട്ടലുകളിൽ അദ്ദേഹത്തോടൊപ്പം സ്വമേധയാ താമസിച്ചു എന്നുമാണ് യുവതിയുടെ മൊഴി സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരൻ താന്നുമായി നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ഒരു വരി ഒഴികെ, പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവായി മറ്റൊന്നും പരാതിക്കാരിയുടെ മൊഴിയിൽ ഇല്ലെന്നും കോടതി പറഞ്ഞു. വിവാഹിതയായ ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത് വ്യത്യസ്ത ലോഡ്ജുകളിൽ രണ്ട് രാത്രി സ്വമേധയാ താമസിച്ച സാഹചര്യത്തിൽ സമ്മതമില്ലാതെ ശാരീരിക ബന്ധം നടന്നുവെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
ബലാത്സംഗം ഒരു ഹീനമായ കുറ്റകൃത്യമാണെന്നും അത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടാൽ അത് ഒരു യുവാവിന്റെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Kochi [Cochin],Ernakulam,Kerala
July 03, 2025 4:20 PM IST