സംഭവം പൊളിയാണ്; ഇനി ശരിക്കും പൊളിക്കും; തിരുവനന്തപുരത്ത് വിശ്രമിക്കുന്ന ബ്രിട്ടീഷ് പോർ വിമാനം എഫ്-35ബി എയർലിഫ്റ്റ് ചെയ്യും British navy F-35B fighter jet resting in Thiruvananthapuram international airport to be airlifted
Last Updated:
സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിശ്രമിക്കുകയാണ് എഫ്-35 വിമാനം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിമാനം പൊളിച്ച് എയർ ലിഫ്റ്റ് ചെയ്യാൻ നീക്കം. ജെറ്റ് മാറ്റുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം കൊണ്ടുവരുമെന്നും വിമാനം ഇതുവരെ സൂക്ഷിച്ചതിനുള്ള പാർക്കിംഗ്, ഹാംഗർ ചാർജുകൾ ഉൾപ്പെടെ ഇന്ത്യയ്ക്കുള്ള എല്ലാ ഫീസുകളും അവർ നൽകുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനായി സി.17 ഗ്ലോബ്മാസ്റ്റര് എന്ന കൂറ്റന്‍ വിമാനം എത്തിക്കുമെന്നാണ് സൂചന.
ഏതൊക്കെ ഭാഗങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് വ്യക്തമായിട്ടില്ല. ചിറകുകള് അഴിച്ചുമാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയിൽ നിന്നുള്ള ബ്രിട്ടീഷ്- അമോരിക്കൻ വിദഗ്ധ സംഘം തിരുവനന്തപുരത്തേക്കെത്തുന്നുണ്ട്. വിമാനത്താവളത്തിലെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ സൗകര്യത്തിലേക്ക് വിമാനം മാറ്റാനുള്ള ഓഫർ യുകെ സ്വീകരിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ച വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. യുകെയിലെ എഞ്ചിനീയറിംഗ് ടീമുകൾ പ്രത്യേക ഉപകരണങ്ങളുമായി എത്തിക്കഴിഞ്ഞാൽ വിമാനം ഹാംഗറിലേക്ക് മാറ്റും.
സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിശ്രമിക്കുകയാണ് എഫ്-35 വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയതായിരുന്നു ബ്രിട്ടീഷ് പോർ വിമാനം. യുകെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിസ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 വിമാനം പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ കഴഞ്ഞിരുന്നില്ല. തുടർന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നത്. ലാൻഡ് ചെയ്തതിന് ശേഷമാണ് സാങ്കേതിക തകരാറുണ്ടാകുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ സംഭവിച്ച തകരാർ പിന്നീട് സ്റ്റാർട്ടിംഗ് സിസ്റ്റത്തിലേക്ക് വ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം എയർപോർട്ടിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് നിലവില്‍ എഫ്-35.
Thiruvananthapuram,Kerala
July 03, 2025 7:00 PM IST
സംഭവം പൊളിയാണ്; ഇനി ശരിക്കും പൊളിക്കും; തിരുവനന്തപുരത്ത് വിശ്രമിക്കുന്ന ബ്രിട്ടീഷ് പോർ വിമാനം എഫ്-35ബി എയർലിഫ്റ്റ് ചെയ്യും