Leading News Portal in Kerala

മാജിക്കാണോ ? 5 വര്‍ഷത്തിനുള്ളില്‍ 14,746 രൂപ പ്രതിമാസ ശമ്പളം വർഷത്തിൽ 33 ലക്ഷം രൂപയിലേക്ക് 18 മടങ്ങ് വര്‍ദ്ധിച്ചതെങ്ങനെ?|Ankur Warikoo shares How did a monthly salary of Rs 14746 increase 18 times to Rs 33 lakh per year in 5 years


വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 14,746 രൂപ പ്രതിമാസ ശമ്പളത്തില്‍ നിന്നും 33 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലേക്ക് തന്റെ ശമ്പളം എങ്ങനെയാണ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചതെന്ന് അങ്കുര്‍ വാരിക്കൂ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. തന്റെ കരിയറിന്റെ ആദ്യ വര്‍ഷങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞുതുടങ്ങുന്നത്. തനിക്ക് സാമ്പത്തിക സ്ഥിരത ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

24-ാമത്തെ വയസ്സില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ചും അദ്ദേഹം ഓര്‍ക്കുന്നു. ആ സമയത്ത് അമേരിക്കയില്‍ പിഎച്ച്ഡി നേടാനുള്ള പദ്ധതി ഉപേക്ഷിച്ചതായും വാരിക്കൂ വെളിപ്പെടുത്തി. പഠനത്തിനായി വീണ്ടും ചെലവഴിക്കുന്നതിന് പകരം ഏറ്റവും അടിയന്തിര ആവശ്യമായിട്ടുള്ള ഒരു ജോലി നേടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ജോലി അന്വേഷിച്ച് നടന്ന വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ചും അങ്കുര്‍ വാരിക്കൂ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ധാരാളം വാക്ക് ഇന്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും നിരവധി കമ്പനികളില്‍ ജോലിക്കായി അപേക്ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 45 ദിവസം കഴിഞ്ഞപ്പോള്‍ എന്‍ഐഎസ് സ്പാര്‍ട്ടയുടെ അവസാന റൗണ്ടില്‍ വാരിക്കൂ പങ്കെടുത്തു. ശമ്പള പ്രതീക്ഷകളെ കുറിച്ച് കമ്പനി അധികൃതര്‍ ചോദിച്ചപ്പോള്‍ 10,000 രൂപയെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മതിയാകുമെന്ന് അദ്ദേഹം കരുതി. എന്നാല്‍ കമ്പനി താന്‍ പ്രതീക്ഷിച്ചതിലും കൂടുതലായി പ്രതിമാസം 15,000 രൂപ വാഗ്ദാനം ചെയ്തതായി അദ്ദേഹം എഴുതി.

തന്റെ ആദ്യ ജോലിയെ കുറിച്ചും അങ്കുര്‍ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. വലിയ കമ്പനികള്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍ ഡിസൈന്‍ ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. എനിക്ക് യഥാര്‍ത്ഥ ലോകത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ പഠിക്കാനുള്ള ആഗ്രഹത്തെ കമ്പനി ഉപയോഗപ്പെടുത്തി. ഞാന്‍ കഠിനമായി അധ്വാനിച്ചു അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ എംബിഎ ബിരുദമുള്ള സഹപ്രവര്‍ത്തകര്‍ക്ക് തന്നേക്കാള്‍ വ്യക്തമായ ധാരണയുണ്ടെന്ന് വാരിക്കൂ മനസ്സിലാക്കി. ഇത് അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തിന്റെ തുടക്കം ആയിരുന്നുവെന്നും വാരിക്കൂ പറയുന്നു. ഫിസിക്‌സില്‍ നിന്ന് മാനേജ്‌മെന്റിലേക്ക് തിരിയാന്‍ ഒരു എംബിഎ എടുക്കുന്നത് നല്ലതാണെന്ന് അദ്ദേഹത്തിന് തോന്നി. ഭാഗ്യംകൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ഒരു വര്‍ഷത്തെ എംബിഎ എടുക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ബിരുദ പഠനത്തിന് വലിയ തുക ചെലവ് വന്നു. എന്നാല്‍ അദ്ദേഹം 20,000 രൂപ ഇഎംഐ വരുന്ന വായ്പയെടുത്ത് പഠനം തുടര്‍ന്നു. കുടുംബത്തിന്റെ ആദ്യ വായ്പയായിരുന്നു ഇതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ ഐഎസ്ബിയില്‍ നിന്ന് പഠിച്ചിറങ്ങിയാല്‍ 35,000 രൂപ ശമ്പളം കിട്ടുന്ന ഒരു ജോലി തനിക്ക് കിട്ടുമോ എന്നായിരുന്നു വാരിക്കൂവിന്റെ അടുത്ത ചോദ്യം. അതായത് 20,000 രൂപ ഇഎംഐ അടക്കാനും 15,000 രൂപ ഇപ്പോള്‍ കിട്ടുന്ന ജോലിയിലെ ശമ്പളവും ചേര്‍ത്ത്.

ഐഎസ്ബിയില്‍ ആയിരുന്നപ്പോള്‍ വാരിക്കൂ കണ്‍സള്‍ട്ടിംഗിലുള്ള തന്റെ താല്‍പ്പര്യം മനസ്സിലാക്കി. താമസിയാതെ ബാച്ചിലെ മികച്ച 15 ശതമാനത്തില്‍ അദ്ദേഹം ഇടം നേടി. അക്കാദമിക് പ്രകടനം ജോലി ഓഫറുകളായി മാറി. ബിസിജി, എടികെര്‍ണി എന്നീ രണ്ട് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലേക്ക് വാരിക്കൂ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ആദ്യ റൗണ്ടില്‍ ബിസിജി അഭിമുഖത്തില്‍ പരാജയപ്പെട്ടുവെന്നും എടികെയുടെ ആദ്യ റൗണ്ടില്‍ വിജയിച്ചുവെന്നും രണ്ടാം റൗണ്ടില്‍ പക്ഷേ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.

എന്നിരുന്നാലും 12 ലക്ഷത്തിന്റെ വാര്‍ഷിക ശമ്പളമാണ് അദ്ദേഹത്തിന് എടികെര്‍ണി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ക്യാമ്പസിലെ ഏറ്റവും മികച്ച പ്ലേസ്‌മെന്റുകളില്‍ ഒന്നായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ജോലിയില്‍ കയറി ഒന്നര വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. സ്ഥാപനത്തിലെ എക്കാലത്തെയും വേഗത്തില്‍ നടന്നിട്ടുള്ള പ്രൊമോഷന്‍ ആയിരുന്നു അത്.

2009-ല്‍ എടികെര്‍ണിയില്‍ നിന്ന് പുറത്തുപോകുമ്പോഴേക്കും അദ്ദേഹത്തിന്റെ വാര്‍ഷിക പാക്കേജ് 33 ലക്ഷം രൂപയിലെത്തി. ‘വന്യമായത്’ എന്നാണ് ഇതിനെ വാരിക്കൂ വിശേഷിപ്പിച്ചത്. ഈ യാത്രയെ കുറിച്ച് ചിന്തിക്കുമ്പോള്‍ അവസരങ്ങളിലും തന്റെ കഠിനാധ്വാനത്തിലും തന്നെ വിശ്വസിച്ച ആളുകളോട് കൂറ് പുലര്‍ത്തിയെന്ന ഒറ്റ കാര്യമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Money/

മാജിക്കാണോ ? 5 വര്‍ഷത്തിനുള്ളില്‍ 14,746 രൂപ പ്രതിമാസ ശമ്പളം വർഷത്തിൽ 33 ലക്ഷം രൂപയിലേക്ക് 18 മടങ്ങ് വര്‍ദ്ധിച്ചതെങ്ങനെ?