Leading News Portal in Kerala

CIBIL സിബില്‍ സ്‌കോര്‍ കുറഞ്ഞാല്‍ ബാങ്കിൽ ജോലിയില്ല; എസ്ബിഐയുടെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി If CIBIL score drops there will be no job in the bank Madras High Court upholds SBIs decision


Last Updated:

സാമ്പത്തിക അച്ചടക്കം കുറവുള്ള ഒരു വ്യക്തിക്ക് പൊതുഫണ്ട് വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി

News18News18
News18

സിബില്‍ സ്‌കോര്‍ കുറഞ്ഞാല്‍ ബാങ്കില്‍ ജോലി നല്‍കാന്‍ കഴിയില്ലെന്ന എസ്ബിഐയുടെ വാദം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. സാമ്പത്തിക അച്ചടക്കം കുറവുള്ളതോ ഒട്ടും ഇല്ലാത്തതോ ആയ ഒരു വ്യക്തിക്ക് പൊതുഫണ്ട് വിശ്വാസ്യതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ”വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ചരിത്രവും പ്രതികൂല സിബില്‍ റിപ്പോര്‍ട്ടുകളുമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ജോലി നേടുന്നതിന് അയോഗ്യരാണെന്ന് ബാങ്ക് തീരുമാനമെടുത്തിരിക്കുന്നു. ഇത് വിവേകപൂര്‍ണമായ ഒരു തീരുമാനമാണ്. ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നതുമായിരിക്കാം ഈ മാനദണ്ഡങ്ങള്‍ക്ക് പിന്നില്‍”, ജസ്റ്റിസ് എന്‍ മാല പറഞ്ഞു.

”കൂടാതെ പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വേണം. അതിനാല്‍ ഉറപ്പായും സമ്പത്തിക അച്ചടക്കം കുറഞ്ഞതോ ഇല്ലാത്തതോ ആയ ആളുകള്‍ക്ക് പൊതുപണം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വിശ്വാസ്യത ഉണ്ടായിരിക്കുകയില്ല”, അവര്‍ പറഞ്ഞു.

സിബിഒ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ എസ്ബിഐയുടെ നടപടിയെ ചോദ്യം ചെയ്ത് പി കാര്‍ത്തികേയന്‍ എന്ന തമിഴ്‌നാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. 2021 ഏപ്രില്‍ 9നാണ് കാര്‍ത്തികേയന്റെ നിയമന ഉത്തരവ് എസ്ബിഐ റദ്ദാക്കിയത്.

റിക്രൂട്ട്‌മെന്റിനുള്ള അറിയിപ്പ് പുറപ്പെടുവിച്ചപ്പോള്‍ തനിക്ക് കടബാധ്യതയോ ലോണ്‍ തിരിച്ചടയ്ക്കാത്തതിനുള്ള റിപ്പോര്‍ട്ടോ ഉണ്ടായിരുന്നില്ലെന്ന് കാര്‍ത്തികേയന്‍ വാദിച്ചു. ”സിബില്‍ റിപ്പോര്‍ട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയോ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി അറിയിച്ചിരുന്നില്ല. അതിനാല്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കാട്ടി നിയമനം റദ്ദാക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി നല്‍കിയത്. അതിനാല്‍ നിയമന ഉത്തരവ് റദ്ദാക്കിയ നടപടി മാറ്റിസ്ഥാപിക്കണമെന്നും കാര്‍ത്തികേയന്റെ അഭിഭാഷകന്‍ വാദിച്ചു.

വായ്പാ തിരിച്ചടവില്‍ വീഴ്ചയുണ്ടായതായ രേഖകളോ സിബിലിന്റെയോ മറ്റ് ബാഹ്യ ഏജന്‍സികളുടെയോ പ്രതികൂല റിപ്പോര്‍ട്ടുകളോ ഉള്ള ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് യോഗ്യരല്ല എന്നത് ഒരു നിശ്ചിത യോഗ്യതാ മാനദണ്ഡമാണെന്ന് കാര്‍ത്തികേയന്റെ ഹര്‍ജിയെ എതിര്‍ത്ത് എസ്ബിഐ വാദിച്ചു.  ഹര്‍ജിക്കാരന്‍ തെറ്റായ സത്യവാങ്മൂലമാണ് നല്‍കിയത്. അതിനാലാണ് അദ്ദേത്തിന്റെ നിയമനം റദ്ദാക്കിയതെന്നും എസ്ബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സി മോഹന്‍ വ്യക്തമാക്കി.

ലോണ്‍ തിരിച്ചടയ്ക്കുന്നതിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലും ഹര്‍ജിക്കാരന്‍ വീഴ്ച വരുത്തിയതായി സിബില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. അതിനാല്‍ അദ്ദേഹത്തിന് ജോലി ലഭിക്കുന്നതിന് മതിയായ യോഗ്യതയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എസ്ബിഐയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയും ചെയ്തു.