Leading News Portal in Kerala

BYD ചൈനീസ് ഇലക്ട്രിക് വാഹന ഭീമൻ ബിവൈഡിയുടെ ഇന്ത്യയിലേക്ക്; 85,000 കോടിയുടെ ആദ്യ ഫാക്ടറി ഹൈദരാബാദിൽ | Chinese EV manufacturer BYD to setup Rs 85,000 crore plant in hyderabad


Last Updated:

ചൈനയിലും യൂറോപ്പിലും ടെസ്‌ലയുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ BYD നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

News18News18
News18

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി വളരെ വേ​ഗത്തിൽ വളരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പോലും ഇന്ത്യയിൽ ഒരു ശാഖ വളർത്തിയെടുക്കാൻ ആ​ഗ്രഹിക്കുന്നു. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇപ്പോഴും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ രാജ്യത്ത് തങ്ങളുടെ വേരുകൾ കൂടുതൽ ശക്തമാക്കാൻ ബിവൈഡി പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബിവൈഡി ഹൈദരാബാദിനടുത്ത് ഒരു ഉൽ‌പാദന യൂണിറ്റ് സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇടിവി ഭാരത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇത് തെലങ്കാന ബിവൈഡി ഫാക്ടറിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാകുമെന്ന് റിപ്പോർട്ട്. പദ്ധതിക്ക് ഭൂമി അനുവദിക്കുന്നതുൾപ്പെടെ പൂർണ്ണ പിന്തുണ സംസ്ഥാന സർക്കാരുമായി നടത്തിയ വിപുലമായ ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. ഇതിനായി ഹൈദരാബാദിനടുത്തുള്ള മൂന്ന് സ്ഥലങ്ങളാണ് തെലങ്കാന സർക്കാർ നിർദേശിച്ചത്.

ബിവൈഡി പ്രതിനിധികൾ നിലവിൽ ഈ സ്ഥലങ്ങൾ പരിശോധിക്കുകയാണ്. അതിനുശേഷമാകും അന്തിമ തീരുമാനം എടുക്കുക. വിഷയത്തിൽ സ്ഥിരീകരണം വന്നു കഴിഞ്ഞാൽ കമ്പനിയും സംസ്ഥാന അധികാരികളും തമ്മിൽ ഒരു കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷ. പദ്ധതി ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയാൽ, വൈദ്യുത വാഹന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലൊന്ന് തെലങ്കാന നേടും. ഹൈദരാബാദിൽ 85,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ ബിവൈഡി ആലോചിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യത്തെ നിർമ്മാണ യൂണിറ്റ്

ബിവൈഡി ഇതുവരെ ചൈനയിൽ നിന്നും ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത് ഉയർന്ന ഇറക്കുമതി തീരുവകൾ ഈടാക്കുന്നതിന് കാരണമാകുന്നു. ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചാൽ ചെലവ് ഗണ്യമായി കുറയ്ക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ഒരു ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഓപ്ഷനുകൾ ബിവൈഡി പരിശോധിച്ചു വരികയായിരുന്നു. എന്നിരുന്നാലും, ചൈനീസ് നിക്ഷേപങ്ങൾക്കായുള്ള കർശനമായ നിയന്ത്രണങ്ങളാണ് പദ്ധതി ഇത്രത്തോളെ വൈകാൻ കാരണം. 2023-ൽ ഒരു ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ബിവൈഡിയുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള പങ്കാളിയായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെയും (എംഇഐഎൽ) 1 ബില്യൺ ഡോളർ നിക്ഷേപ നിർദേശം ഇന്ത്യൻ സർക്കാർ നിരസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

വിപുലീകരണ പദ്ധതികൾ

നിർമ്മാണ കേന്ദ്രത്തിന് പുറമെ ഇന്ത്യയിൽ 20 ജിഗാവാട്ട് ബാറ്ററി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനും ബിവൈഡി പദ്ധതിയിടുന്നു. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ പ്രതിവർഷം ഉൽപ്പാദന ശേഷി 600,000 ഇലക്ട്രിക് വാഹനങ്ങളായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിന് ബിവൈഡിയിൽ നിന്ന് ഗണ്യമായ നിക്ഷേപം ആവശ്യമായി വരും.

ചൈനയിലും യൂറോപ്പിലും ടെസ്‌ലയുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ BYD നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വെറും 5-8 മിനിറ്റിനുള്ളിൽ ഒരു വാഹനം പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്ന 1 MW ഫ്ലാഷ് ചാർജർ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചു. ഈ മുന്നേറ്റം ഒരു ഇവിയെ ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ അനുവദിക്കുന്നു. ഇത് ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവിയെ മാറ്റിമറിക്കും.