Leading News Portal in Kerala

ഇറാനില്‍ 400 കിലോഗ്രാമിലധികം യുറേനിയം കാണാതായതായി ആശങ്ക; ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അമേരിക്ക | Iran’s stockpile of over 400 kg of enriched uranium remains unclear following a series of airstrikes on key nuclear facilities


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് വാന്‍സിന്റെ പ്രസ്താവന. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തില്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പക്കലുള്ള 900 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, അതുപയോഗിച്ച് ഇറാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അടുത്തയാഴ്ച ശ്രമിക്കുമെന്നും ഇറാനുമായി ഞങ്ങള്‍ നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ വിഷയമാകുന്ന പ്രധാന കാര്യമാണിതെന്നും വാന്‍സ് പറഞ്ഞു.

ഇറാന്റെ ഫോര്‍ഡോ ആണവകേന്ദ്രം നശിപ്പിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം, ഫോര്‍ഡോ ആണവകേന്ദ്രം നശിപ്പിക്കുക, മറ്റുകേന്ദ്രങ്ങള്‍ക്കും ചില നാശനഷ്ടങ്ങള്‍ വരുത്തുക. എന്നാല്‍ ഫോര്‍ഡോ ആണവകേന്ദ്രം നശിപ്പിച്ചുവെന്ന് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം ഉണ്ട്. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” വാന്‍സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച അവസാനം ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഇറാന്റെ നിരവധി ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ ആണവകേന്ദ്രങ്ങള്‍ ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ ഏറ്റവും മികച്ച സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നവയാണ്. അതിനാല്‍ ആക്രമണത്തിൽ എത്രമാത്രം നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

നതാന്‍സും ഫോര്‍ഡോയും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളാണ്. ഇസ്ഫഹാനില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്. അതിനാല്‍ ഈ കേന്ദ്രങ്ങള്‍ക്കുണ്ടായ തകരാറുകള്‍ ഇറാന്റെ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി പരിമിതപ്പെടുത്തും.

ഞായറാഴ്ച അമേരിക്ക തങ്ങളുടെ ആയുധപ്പുരയിലെ ഏറ്റവും വലിയ ബോംബുകള്‍ ഇറാനിയന്‍ ആണവകേന്ദ്രങ്ങളില്‍ വര്‍ഷിച്ചിരുന്നു. പര്‍വതത്തിനുള്ളില്‍ കുഴിച്ച് സ്ഥാപിച്ചിരുന്ന ഫോര്‍ഡോ യൂറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബങ്കര്‍ തകര്‍ക്കുന്ന യുദ്ധോപകരണങ്ങള്‍ അമേരിക്ക ആദ്യമായാണ് ഉപയോഗിക്കുന്നത്.

യുഎസ് നടത്തിയ ബോംബാക്രമണം ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിലെ ഭൂഗര്‍ഭ അറകള്‍ക്ക് കാര്യമായ നാശനഷ്ടം വരുത്തിയിരിക്കാമെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല

നാശനഷ്ടത്തേക്കാളുപരിയായി ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍, തങ്ങളുടെ ആണവ വസ്തുക്കള്‍ക്കും ഉപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി ജൂണ്‍ 13ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയെ ഇറാന്‍ അറിയിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇറാനില്‍ 400 കിലോഗ്രാമിലധികം യുറേനിയം കാണാതായതായി ആശങ്ക; ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അമേരിക്ക