വിദേശ വിദ്യാര്‍ഥികളുടെ വിസ യുഎസ് വീണ്ടും സ്വീകരിച്ചുതുടങ്ങി; സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ കർശന നിരീക്ഷണം US resumes accepting visas for foreign students strict monitoring of social media accounts
Last Updated:
പുതിയ സ്ക്രീനിംഗ് പ്രോട്ടോക്കാളുമായി ബന്ധപ്പെട്ടാണ് താത്കാലികമായി വിസ നടപടികൾ നിർത്തിവെച്ചത്
വിദേശ വിദ്യാര്‍ഥികളുടെ വിസ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി യുഎസ് ആഭ്യന്തര വകുപ്പ് ബുധനാഴ്ച അറിയിച്ചു. പുതിയ സ്ക്രീനിംഗ് പ്രോട്ടോക്കാളുമായി ബന്ധപ്പെട്ടാണ് താത്കാലികമായി വിസ പ്രോസസ്സ് നിറുത്തിവെച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അപേക്ഷകര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാൻ സര്‍ക്കാരിന് അനുമതി നല്‍കണം. യുഎസ് വിരുദ്ധ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങളും അമേരിക്കന്‍ ജനതയെയോ സ്ഥാപനങ്ങളെയോ സംസ്കാരത്തെയും സ്ഥാപക തത്വങ്ങളെയോ വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങളും തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളും സാമൂഹികമാധ്യമത്തിലെ പ്രവര്‍ത്തനങ്ങളും കർശനമായി വിലയിരുത്തും.
”സാമൂഹിക മാധ്യമങ്ങള്‍ പരിശോധിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തേക്ക് വരാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയെയും ഞങ്ങള്‍ ശരിയായി സ്ക്രീന്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും,” ആഭ്യന്തര വകുപ്പ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. നവീകരിച്ച ഈ നടപടിക്രമങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി ട്രംപ് ഭരണകൂടം കഴിഞ്ഞമാസമാണ് വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസ അഭിമുഖം ഷെഡ്യൂള്‍ ചെയ്യുന്നത് നിറുത്തിവെച്ചത്. ഈ താത്കാലിക നിരോധനമാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. യുഎസ് കോണ്‍സുലേറ്റുകള്‍ക്ക് ഇപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രകാരം അപേക്ഷകളുമായി മുന്നോട്ട് പോകാവുന്നതാണ്.
ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിസ അപ്പോയിന്റ്മെന്റുകള്‍ക്കായി കാത്തിരിക്കുകയാണ്. അക്കാദമിക് ടേം ആരംഭിക്കുന്നതിന് മുമ്പ് വിസയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ഥികള്‍.
പുതിയ നയം പ്രകാരം വിദ്യാര്‍ഥി വിസ നല്കുന്നതില് നാടകീയമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യുഎസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ബാധിച്ചേക്കാവുന്ന ഒരു ഓണ്‍ലൈന്‍ സ്ക്രീനിംഗ് ഘട്ടം കൂടി ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. എന്നാല്‍, ഈ നടപടി ഫെഡറല്‍ ജഡ്ജി താത്കാലികമായി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹാര്‍വാര്‍ഡിന്റെ എസ്ഇവിപി(സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം) സര്ട്ടിഫിക്കേഷന് റദ്ദാക്കുകയായിരുന്നു. 205-26 അക്കാദമിക് വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അക്രമം, ജൂതവിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം എന്നിവ കാരണമാണ് ഹാര്‍വാര്‍ഡിനെതിരേ നടപടി സ്വീകരിച്ചതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം അവകാശപ്പെട്ടിരുന്നു.
New Delhi,Delhi
June 24, 2025 11:03 AM IST
വിദേശ വിദ്യാര്‍ഥികളുടെ വിസ യുഎസ് വീണ്ടും സ്വീകരിച്ചുതുടങ്ങി; സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ കർശന നിരീക്ഷണം