സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ക്രിക്കറ്റ് കളിച്ച സിവിൽ സർവീസ് ഓഫീസര്‍ക്ക് കേരളാ ക്രിക്കറ്റ് ടീമുമായി എന്ത് ബന്ധം? | How ICS officer Amay Khurasiya who played under the captaincy of Tendulkar related to Kerala cricket team
Last Updated:
അരങ്ങേറ്റം പോലെ തന്നെ തന്റെ അവസാന കളിയും ശ്രീലങ്കയ്‌ക്കെതിരെയായാണ് അദ്ദേഹം കളിച്ചത്. 2001 ജൂലൈയിലായിരുന്നു അവസാനമത്സരം
സ്വന്തം രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, ദേശീയ ടീമില്‍ ഇടം നേടുകയെന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. കഠിനാധ്വാനവും ഭാഗ്യത്തിന്റെ പിന്തുണയുമെല്ലാം അതിന് ആവശ്യമാണ്. ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യുപിഎസ്‌സി പാസാകുന്നതിനൊപ്പം രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് നിസ്സാരമായ കാര്യമല്ല. ഇത് അസാധ്യമെന്നാകും മിക്കവരുടെയും ഉത്തരം. എന്നാല്‍ യുപിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ഒരാളുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയെന്ന സ്വപ്‌ന തുല്യമായ നേട്ടവും അദ്ദേഹം സ്വന്തമാക്കി. നിലവില്‍ കേരളാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ അമേയ് ഖുറേസിയയാണ് ആ താരം.
1999ല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി ശ്രീലങ്കയ്‌ക്കെതിരെയാണ് അമേയ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍, ഇതിനു മുമ്പ് സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന അപൂര്‍വ ബഹുമതിയും അമേയ് ഖുറേസിയ്‌ക്കൊപ്പമുണ്ട്. 2025 ഫെബ്രുവരി 22 വരെ ഇന്ത്യന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ ഇന്‍സ്പക്ടറായിരുന്നു അദ്ദേഹം. രാജ്യാന്തര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കരിയര്‍ നന്നേ ചെറുതായിരുന്നുവെങ്കിലും ഇന്ത്യക്കായി 12 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം മിന്നുന്ന പ്രകടം കാഴ്ച വയ്ക്കുന്ന താരം എന്ന പേരും സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അദ്ദേഹം അര്‍ധസെഞ്ച്വറി നേടി. എന്നാല്‍ വിനോദ് കാംബ്ലിയുടെ പിൻഗാമിയെന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് ക്രിക്കറ്റില്‍ അന്താരാഷ്ട്രതലത്തില്‍ മികച്ചൊരു ഒരു കരിയര്‍ കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞില്ല. 1999ലെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അരങ്ങേറ്റം പോലെ തന്നെ തന്റെ അവസാന കളിയും ശ്രീലങ്കയ്‌ക്കെതിരെയായാണ് അദ്ദേഹം കളിച്ചത്. 2001 ജൂലൈയിലായിരുന്നു അവസാനമത്സരം. വൈകാതെ അദ്ദേഹം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. ടീമിലേക്ക് ഒരിക്കല്‍ പോലും പിന്നീട് പരിഗണിക്കപ്പെട്ടില്ല. 2007 ഏപ്രില്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ ആഭ്യന്തര മത്സരങ്ങളിലും പരിശീലന പരിപാടികളിലും അദ്ദേഹം വളരെയധികം ഊന്നൽകൊടുത്തു
മധ്യപ്രദേശിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ആഭ്യന്തരമത്സരങ്ങളില്‍ കളിച്ചിരുന്നത്. 119 മത്സരങ്ങളില്‍ നിന്നായി 7304 റണ്‍സ് നേടി. 21 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
112 ലിസ്റ്റ് എ മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 3768 റണ്‍സ് നേടി. ഇതില്‍ നാല് സെഞ്ചുറികളും 26 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ 149 റണ്‍സ് മാത്രമെ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ. ദേശീയ ടീമിലായിരിക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതായി വിരമിക്കല്‍ വേളയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അദ്ദേഹം കേരളാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. നിലവില്‍ കേരളാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് അമേയ്. അദ്ദേഹത്തിന്റെ കീഴിലാണ് കേരളാ ക്രിക്കറ്റ് ടീം രഞ്ജിട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. ചരിത്രത്തിലാദ്യമായി ടീം രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി. കിരീടം നേടാന്‍ കേരളത്തിന് കഴിഞ്ഞില്ലെങ്കിലും ടീം എല്ലാവരുടെയും പ്രശംസ നേടിയെടുത്തു.
കേരളാ താരങ്ങളില്‍ പരിശീലകന്‍ കൊണ്ടുവന്ന വലിയ മാറ്റമാണ് രഞ്ജിയിലെ ഈ പ്രകടനമെന്ന് വിലയിരുത്തപ്പെട്ടു. കളത്തിലും പുറത്തും ഒരുപോലെ കര്‍ക്കശക്കാരനായ അദ്ദേഹം അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തിയില്ല. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അദ്ദേഹം പിന്തുണ നല്‍കി. ഇതും കളിയില്‍ പ്രതിഫലിച്ചു.
Thiruvananthapuram,Kerala
സച്ചിന്‍ തെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ക്രിക്കറ്റ് കളിച്ച സിവിൽ സർവീസ് ഓഫീസര്‍ക്ക് കേരളാ ക്രിക്കറ്റ് ടീമുമായി എന്ത് ബന്ധം?