Leading News Portal in Kerala

പാകിസ്ഥാനിൽ നിന്ന് മൈക്രോസോഫ്റ്റ് പിന്മാറുന്നു; കാരണമെന്ത്?|Microsoft has decided to close down its operations in Pakistan


പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്ക് ഒരു പ്രശ്‌നം നിറഞ്ഞ സൂചനയാണ് നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം കമ്പനിയുടെ നീക്കത്തെ രാജ്യത്തെ ഭരണമാറ്റവുമായി ബന്ധപ്പെടുത്തി.

”പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം നമ്മുടെ സാമ്പത്തിക ഭാവിക്ക് വലിയ അസ്വസ്ഥയുണ്ടാക്കുന്ന ഒരു സൂചനയാണ്. 2022 ഫെബ്രുവരിയില്‍ ബില്‍ ഗേറ്റ്‌സ് എന്റെ ഓഫീസ് സന്ദര്‍ശിച്ചത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ പോളിയോ നിര്‍മാര്‍ജനത്തിന് അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പാക് ജനതയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന് ഹിലാല്‍ ഇ ഇംതിയാസ് പുരസ്‌കാരം നല്‍കാനുള്ള ഭാഗ്യം എനിക്കുണ്ടായി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഓഫീസിന് പുറത്തുള്ള പുല്‍ത്തകിടിയില്‍ ഇരുന്നുകൊണ്ട് പരസ്പരം സംഭാഷണം നടത്തിയതായും അതില്‍ എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, വയറിനുള്ളിലെ സൂക്ഷ്മജീവികള്‍, ദീര്‍ഘായുസ്സ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ കടന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.

”ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാകിസ്ഥാനില്‍ നിക്ഷേപം നടത്താത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ അദ്ദേഹത്തോട് നേരിട്ടു ചോദിച്ചിരുന്നു. ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി താന്‍ സംസാരിച്ചുവെന്നും പ്രധാനമന്ത്രിയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും തമ്മില്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു,” ആല്‍വി പറഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും രണ്ട് മാസത്തിനുള്ളില്‍ പ്രധാനമന്ത്രിയും ബില്‍ഗേറ്റ്‌സും ചേര്‍ന്ന് പാകിസ്ഥാനിലെ ഒരു പ്രധാന മൈക്രോസോഫ്റ്റ് നിക്ഷേപത്തെ സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നതായും ആല്‍വി കൂട്ടിച്ചേര്‍ത്തു.

”എന്നാല്‍ പിന്നീട് എല്ലാം പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞു. പാകിസ്ഥാനിലെ ഭരണമാറ്റം ആ പദ്ധതികളെ തകിടം മറിച്ചു. നിക്ഷേപം നടത്താമെന്ന വാഗ്ദാനം ഇല്ലാതായി. 2022 ഒക്ടോബറോടെ മൈക്രോസോഫ്റ്റ് തങ്ങളുടെ വിപുലീകരണത്തിനായി വിയറ്റ്‌നാമിനെ തിരഞ്ഞെടുത്തു. അവര്‍ പാകിസ്ഥാനില്‍ നടത്താനിരുന്ന നിക്ഷേപമാണിത്. ആ അവസരം നഷ്ടപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ മൈക്രോസോഫ്റ്റിന്റെ യൂണിറ്റ് സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത ജവാദ് റഹ്‌മാന്‍ ആണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് അറിയിച്ചത്. ലിങ്ക്ഡിന്നില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ബിസിനസ് വിലയിരുത്തലിന്റെയും ഓപ്റ്റിമൈസേഷന്റെയും പതിവ് പ്രക്രിയകളുടെ ഭാഗമായി പാകിസ്ഥാനിലെ ഞങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഞങ്ങളുടെ ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കുകയില്ല. ഞങ്ങളുടെ ശക്തവും വിപുലവുമായ പങ്കാളികളിലൂടെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മറ്റ് മൈക്രോസോഫ്റ്റ് ഓഫീസുകളിലൂടെയും ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കും,” മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.

”ലോകമെമ്പാടുമുള്ള മറ്റ് നിരവധി രാജ്യങ്ങളില്‍ ഞങ്ങള്‍ ഈ മാതൃക വിജയകരമായി പിന്തുടരുന്നുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കാണ് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഭാവിയിലും അതേ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം പ്രതീക്ഷിക്കാവുന്നതാണ്,” വക്താവ് പറഞ്ഞതായി ദ രജിസ്റ്റര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ ഏകദേശം 9000 ജീവനക്കാരെ, അതായത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 4 ശതമാനം പേരെ പിരിച്ചുവിടുകയാണെന്ന് ജൂലൈ 2 ബുധനാഴ്ചയാണ്  ഐടി ഭീമനായ മൈക്രോസോഫ്റ്റ് അറിയിച്ചത്. എഐയില്‍ നിക്ഷേപം നടത്തി കമ്പനിയെ പുനസംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ പിരിച്ചുവിടല്‍. ബുധനാഴ്ച മുതല്‍ കമ്പനി ജീവനക്കാര്‍ക്ക് പിരിച്ചുവിടൽ നോട്ടീസ് അയച്ചു തുടങ്ങി.

ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് കമ്പനി കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇക്കഴിഞ്ഞ മേയില്‍ ഏകദേശം 6000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ലോകമെമ്പാടുമുള്ള ഒന്നിലധികം ടീമുകളെ ബാധിക്കുമെന്നും അതില്‍ വില്‍പ്പന വിഭാഗവും എക്‌സ്‌ബോക്‌സ് വീഡിയോ ഗെയിം ബിസിനസും ഉള്‍പ്പെടുന്നതായും മൈക്രോസോഫ്റ്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു.