ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ Kollam native named chinchu arrested for defrauding crores by promising jobs abroad
Last Updated:
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു തട്ടിപ്പ്
ന്യൂസിലാൻഡിൽ കപ്പൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പരാതിയിൽ നാലാം പ്രതിയായ യുവതിയെ എറണാകുളത്തു നിന്നും പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പുനലൂർ കറവൂർ സ്വദേശി നിഷാദ് നൽകിയ പരാതിയിലാണ് അറസ്റ്റ്. നിഷാദിൽ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പൽ ജോലി ന്യൂസിലാൻഡിൽ വാങ്ങിനൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.ജോലി സംബന്ധമായ എല്ലാ രേഖകളും നിഷാദിന് നൽകുകയും ചെയ്തിരുന്നു.
ലോൺ എടുത്താണ് നിഷാദ് പണം നൽകിയത്.സോഷ്യൽ മിഡിയ വഴി പരസ്യം കണ്ടാണ് ജോലിക്ക് വേണ്ടി പണം കൊടുത്തത്.ഗുഗിൾ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്.ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുത്തത്.
പരാതി ഉയർന്നപ്പോൾ എറണാകുളത്ത് ഇവർക്കുണ്ടായിരുന്ന ടാലെന്റ് വിസ എച്ച് ആർ കൺസൾട്ടൻസി എന്ന സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. തുടർന്ന് കേരളത്തിന് അകത്തും പുറത്തു ഓഫീസുണ്ടന്നു സോഷ്യൽ മിഡിയ വഴി വ്യാജ പ്രചരണവും നൽകിയിരുന്നു. 2023 മെയ് മുതൽ നവംബർ വരെ പലതവണയായിട്ടാണ് നിഷാദ് ഇവർക്ക് പണം നൽകിയിരുന്നത്. പുനലൂർ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ നിഷാദ് പുനലൂർ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവർ വഴി മുൻപ് ജോലി തേടി ന്യൂസിലാൻഡിൽ എത്തിയവർക്ക് ആപ്പിൾ തോട്ടത്തിലെ ജോലിയാണ് ലഭിച്ചത്. കുറേ ആളുകൾ തിരികെ നാട്ടിലേക്കു തിരിച്ചു വരികയും ചെയ്തിരുന്നു.
ഒന്നാംപ്രതി അറസ്റ്റിലായതിന് ശേഷം രണ്ടും മൂന്നും നാലും പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. നാലാം പ്രതിയായ ചിഞ്ചു അനീഷ് എറണാകുളം പാലാരിവട്ടത്ത് ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ പോലീസ് അവിടെയെത്തി പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു .മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എസ് ഐ കൃഷ്ണകുമാർ, ജൂനിയർ എസ്ഐ പ്രമോദ്, വുമൺ എഎസ്ഐ മറിയക്കുട്ടി, സിപിഒ രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പാലാരിവട്ടത്ത് നിന്നും പ്രതിയെ പിടികൂടിയത്
July 05, 2025 3:26 PM IST