Leading News Portal in Kerala

ടെലിവിഷനില്‍ ശരിക്കും ഒന്നാം സ്ഥാനം ഏതു ചാനലിന്? ടിആര്‍പി നയത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാറ്റം വരുത്തുന്നു Union Information and Broadcasting Ministry changes TRP policy to reflect evolving viewing habits


ഇന്ത്യയില്‍ ടെലിവിഷന്‍ കാണുന്ന ശീലങ്ങളില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കേബിള്‍, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമല്ല, സ്മാര്‍ട്ട് ടിവികള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, മറ്റ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയും പ്രേക്ഷകര്‍ക്ക് ടിവി ചാനലുകള്‍ ലഭ്യമാണ്. എന്നാല്‍, ഒരു ചാനല്‍ എത്ര പേര്‍ കാണുന്നുണ്ടെന്ന് അറിയുന്നതിന് നിലവിലുള്ള സംവിധാനമായ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍(ടിആര്‍പി) ഇത്തരത്തിലുള്ള മാര്‍ഗങ്ങളെക്കൂടി പൂര്‍ണമായി ഉള്‍ക്കൊള്ളിച്ചിട്ടില്ല.

30 ദിവസത്തിനുള്ളില്‍ ഈ കരട് നിര്‍ദേശത്തില്‍ പ്രതികരണം അറിയിക്കാന്‍ പങ്കാളികളോടും പൊതുജനങ്ങളോടും മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ക്കിടയില്‍ ന്യായമായ മത്സരം പ്രാപ്തമാക്കുക, കൂടുതല്‍ കൃത്യമായതും പ്രാതിനിധ്യപരവുമായ ഡാറ്റ തയ്യാറാക്കുക, രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ വൈവിധ്യമാര്‍ന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാധ്യമ ഉപഭോഗ ശീലങ്ങളെ ടിആര്‍പി സംവിധാനം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതല്‍ പ്രാതിനിധ്യവും ആധുനികവുമായ ടിആര്‍പി സംവിധാനത്തിന്റെ ആവശ്യകത

ഇന്ത്യയില്‍ നിലവിൽ 23 കോടി വീടുകളില്‍ ടെലിവിഷന്‍ ഉണ്ട്. എന്നാല്‍, എത്രപേര്‍ ടെലിവിഷന്‍ കാണുണ്ടെന്ന കണക്ക് അറിയുന്നതിന് നിലവില്‍ 58,000 പേരുടെ മീറ്ററുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് രാജ്യത്തെ ടെലിവിഷനുള്ള വീടുകളുടെ 0.025 ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നത്. വളരെ കുറഞ്ഞ ഈ സാമ്പിള്‍ വലുപ്പം ആളുകളുടെ വൈവിധ്യമാര്‍ന്ന കാഴ്ചാ മുന്‍ഗണനകളെ മതിയായ രീതിയില്‍ പ്രതിനിധീകരിക്കണമെന്നില്ല.

നിലവില്‍ പ്രേക്ഷകരെ അളക്കുന്ന രീതിയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ഉപകരണങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയ വളര്‍ന്നു വരുന്ന പ്ലാറ്റ്‌ഫോമുകളിലെ കാഴ്ചക്കാരെ വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല. കൂടാതെ, ഇവയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചുവരുന്നുമുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചാ രീതികളും നിലവിലെ അളവെടുപ്പ് ചട്ടക്കൂടും തമ്മിലുള്ള ഈ വിടവ് റേറ്റിംഗുകളുടെ കൃത്യതയെ ബാധിച്ചേക്കാം. ഇത് പ്രേക്ഷകരുടെ വരുമാന ആസൂത്രണത്തെയും ബ്രാന്‍ഡുകള്‍ക്കുള്ള പരസ്യതന്ത്രങ്ങളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്.

ഇത് തിരിച്ചറിഞ്ഞാണ് സമകാലിക ഉള്ളടക്ക ഉപഭോഗശീലങ്ങളെ ശരിയായ വണ്ണം പ്രതിഫലിപ്പിക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നത്.

നിലവിലെ ടിആര്‍പി സംവിധാനത്തിലെ പ്രശ്‌നങ്ങള്‍

നിലവില്‍ ടിവി റേറ്റിംഗ് നല്‍കുന്ന രാജ്യത്തെ ഒരേയൊരു ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ആണ്. വളരെ പ്രധാനപ്പെട്ട ഘടകമാണെന്നിരിക്കെ, ഇതില്‍ ബന്ധിപ്പിച്ച ടിവി ഉപകരണ വ്യൂവര്‍ഷിപ്പ് ട്രാക്ക് ചെയ്യുന്നില്ല.

നിലവിലുള്ള നയങ്ങളില്‍ ടിവി റേറ്റിംഗ് മേഖലകളിലേക്ക് പുതിയ സ്ഥാപനങ്ങളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ക്രോസ് ഹോള്‍ഡിംഗ് നിയന്ത്രണങ്ങള്‍ പ്രേക്ഷകരെയോ പരസ്യദാതാക്കളെയോ റേറ്റിംഗ് ഏജന്‍സികളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടഞ്ഞു.

പുതിയ കരടില്‍ പറയുന്നതെന്ത്?

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം തയ്യാറാക്കിയ കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ കണ്‍സള്‍ട്ടന്‍സി അല്ലെങ്കില്‍ ഉപദേശക സേവനങ്ങള്‍ പോലുള്ള ഒരു പ്രവര്‍ത്തനവും ഉള്‍പ്പെടുത്തരുതെന്ന മുന്‍ നിബന്ധന മാറ്റി സ്ഥാപിച്ചു.

പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്ന നിയന്ത്രണപരമായ വ്യവസ്ഥകള്‍(1.5,1.7) നീക്കം ചെയ്യുന്നു. ഒന്നലധികം ഏജന്‍സികള്‍ക്ക് ആരോഗ്യകരമായ മത്സരം വളര്‍ത്തിയെടുക്കാനും പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനും ബന്ധിപ്പിച്ച ടിവി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ വിശ്വസനീയവും പ്രാതിനിധ്യപരവുമായ ഡാറ്റ നല്‍കാനും അനുവദിക്കുക എന്നതാണ് നിര്‍ദ്ദിഷ്ഠഭേദഗതികളുടെ ലക്ഷ്യം. റേറ്റിംഗ് സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രേക്ഷകര്‍, പരസ്യദാതാക്കള്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ സാധ്യമാക്കാനും ഈ ഭേദഗതികള്‍ സഹായിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/

ടെലിവിഷനില്‍ ശരിക്കും ഒന്നാം സ്ഥാനം ഏതു ചാനലിന്? ടിആര്‍പി നയത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാറ്റം വരുത്തുന്നു