Leading News Portal in Kerala

അതിവേഗ സെഞ്ച്വറിയുമായി വീണ്ടും വൈഭവ് സൂര്യവൻഷി; ഇത്തവണ ഇന്ത്യ അണ്ടര്‍ 19 ടീമിനായി Vaibhav Suryavanshi scores fastest century again this time for India U-19 team


Last Updated:

അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് വൈഭവ് സ്വന്തം പേരിലാക്കിയത്

വൈഭവ് സൂര്യവൻഷിവൈഭവ് സൂര്യവൻഷി
വൈഭവ് സൂര്യവൻഷി

അതിവേഗ സെഞ്ച്വറിയുമായി വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവൻഷി. ഇത്തവണ ഇന്ത്യ അണ്ടര്‍ 19 ടീമിനായാണ് വൈഭവ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. വോർസെസ്റ്ററിലെ ന്യൂ റോഡിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ നാലാമത്തെ യൂത്ത് ഏകദിനത്തിൽ 52 പന്തുകളിൽ നിന്ന് 10 ഫോറുകളുടെയും 7 സിക്സറുകളുടെയും അകമ്പടിയോടെയാണ് വൈഭവ് സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. ഇംഗ്ലണ്ട് U19 സ്പിന്നർ റാൽഫി ആൽബർട്ട് എറിഞ്ഞ 19-ാം ഓവറിലെ നാലാം പന്തിൽ സിംഗിൾ എടുത്ത് വെഭവ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി.

വെറും 24 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ വൈഭവിന് അടുത്ത 50 റൺസ് പൂർത്തിയാക്കാൻ 28 പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളു. സൂര്യവംശിക്ക് മുമ്പ്, യൂത്ത് ഏകദിനങ്ങളിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് പാകിസ്ഥാന്റെ ഖാസിം അക്രത്തിന്റെ പേരിലായിരുന്നു. 2022 ഫെബ്രുവരി 3 ന് നോർത്ത് സൗണ്ടിൽ നടന്ന പാകിസ്ഥാൻ-ശ്രീലങ്ക മത്സരത്തിൽ അദ്ദേഹം 63 പന്തിൽ 100 ​​റൺസ് നേടി.

യൂത്ത് ഏകദിനങ്ങളിൽ (U19 ലെവൽ) ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ റെക്കോർഡ് രാജ് അംഗദ് ബാവയുടെ പേരിലായിരുന്നു. 2022 ജനുവരി 22ന് തരൗബയിൽ ഉഗാണ്ടയ്‌ക്കെതിരെ സെഞ്ച്വറി പൂർത്തിയാക്കാൻ ബാവയ്ക്ക് 69 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ബീഹാർ സ്വദേശിയായ താരം ജൂലൈ 2 ന് നോർത്താംപ്ടണിൽ നടന്ന മൂന്നാം യൂത്ത് ഏകദിനത്തിൽ വെറും 31 പന്തിൽ നിന്ന് 86 റൺസ് (6 ഫോറുകളും 9 സിക്സറുകളും) നേടിയിരുന്നു. രണ്ടാം മത്സരത്തിൽ 34 പന്തിൽ നിന്ന് 45 റൺസും ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസും നേടി.