Leading News Portal in Kerala

NueGo’s Electric Bus: രാജ്യത്തെ ആദ്യ ദീര്‍ഘദൂര ഇലക്ട്രിക് സ്ലീപര്‍ ബസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ |NueGo Launches Kashmir to Kanyakumari Electric Bus Expedition


Last Updated:

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകദേശം 4000 കിലോമീറ്ററിലാണ് ന്യൂഗോ ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുക, ഇന്ത്യയിലെ ആദ്യ ഇന്റര്‍സിറ്റി ഇലക്ട്രിക് ബസ് സര്‍വീസ് ആണിത്

കന്യാകുമാരിയേയും കശ്മീരിനേയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ദീര്‍ഘദൂര ഇലക്ട്രിക് സ്ലീപര്‍ ബസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നാഗ്പൂരില്‍ വെച്ച് നടന്ന ചടങ്ങിലാണ് ബസ് സര്‍വീസ് ഗഡ്കരി ഉദ്ഘാടനം ചെയ്തത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകദേശം 4000 കിലോമീറ്ററിലാണ് ന്യൂഗോ ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുക. ഇന്ത്യയിലെ ആദ്യ ഇന്റര്‍സിറ്റി ഇലക്ട്രിക് ബസ് സര്‍വീസ് ആണിത്.

200 ലധികം നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയുമാകും ബസ് സര്‍വീസ് നടത്തുക. ഇത്രയും വിപുലമായ രീതിയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ബ്രാന്‍ഡായി ന്യൂഗോ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും സാക്ഷ്യം വഹിച്ചായിരിക്കും ഈ യാത്ര. സ്റ്റുഡന്റ് വര്‍ക് ഷോപ്പുകള്‍, മരം നടീല്‍ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബസ് യാത്രയോടനുബന്ധിച്ച് നടത്തപ്പെടും.” കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ന്യൂഗോ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത്തരം ബസ് സര്‍വീസ് ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും. കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഏകദേശം 4000 കിലോമീറ്ററിലധികമാണ് ബസ് സഞ്ചരിക്കുക. 200 ലധികം നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ബസ് കടന്നുപോകും. വിദ്യാര്‍ത്ഥികള്‍ മറ്റ് സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ പരിപാടികളും സംഘടിപ്പിക്കപ്പെടും,” എന്ന് ഉദ്ഘാടനചടങ്ങില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.

അതേസമയം ന്യൂഗോയുടെ E-K2K സര്‍വീസ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 4000 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്ന് ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ സിഇഒയും എംഡിയുമായ ദേവേന്ദ്ര ചൗള പറഞ്ഞു. ഇലക്ട്രിക് മൊബിലിറ്റിയുടെ നേട്ടങ്ങളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും ഇത്തരം സര്‍വീസുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിന് കരുത്ത് പകരുന്ന പദ്ധതിയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ നാലിനാണ് ജമ്മുവില്‍ നിന്ന് ബസിന്റെ യാത്ര ആരംഭിച്ചത്. ഗാസിയാബാദില്‍ വെച്ചായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. നീതി ആയോഗ് അംഗമായ സുധേന്ദു ജെ സിന്‍ഹ, ലോകബാങ്ക് പ്രതിനിധി ഡോ. സഞ്ജീവ് കെ ലോഹിയ, സിഇഎസ്എല്‍ മുന്‍ എംഡി മഹുവ ആചാര്യ, ഗ്രീന്‍സെല്‍ മൊബിലിറ്റി എംഡിയും സിഇഒയുമായ ദേവേന്ദ്ര ചൗള എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ന്യൂഗോ ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നത്. ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ന്യൂഗോ ഇലക്ട്രിക് ബസ് യാത്ര ഒരു പുതിയ അനുഭവമായിരിക്കും. കൂടാതെ ഈ ബസ് യാത്രയ്ക്ക് പാരിസ്ഥിതിക ആഘാതവും കുറവായിരിക്കും. ഗതാഗതക്കുരുക്ക് ശക്തമാണെങ്കില്‍ പോലും ഒറ്റതവണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ ബസിന് സഞ്ചരിക്കാനാകും. നിലവില്‍ നൂറിലധികം നഗരങ്ങളില്‍ ന്യൂഗോ ബസ് സര്‍വീസ് നടത്തിവരുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – കോയമ്പത്തൂര്‍, വിജയവാഡ – വിശാഖപട്ടണം, ഡല്‍ഹി – ജയ്പുര്‍, ഡല്‍ഹി – അമൃത്സര്‍ എന്നിവിടങ്ങളിലും ന്യൂഗോ ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നുണ്ട്.

ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഇലക്ട്രിക് ബസ് ബ്രാന്‍ഡാണ് ന്യൂഗോ (NueGo). Eversource Capital – ആണ് ഗ്രീന്‍സെല്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുന്നത്. ന്യൂഗോ ബസ് സര്‍വീസിനെ അഭിനന്ദിച്ച് Eversource Capital സിഇഒ ധന്‍പാല്‍ ജവേരിയും രംഗത്തെത്തി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള സാങ്കേതിക വിദ്യയിലേക്ക് നിക്ഷേപം നടത്തേണ്ടത് ഈയവസരത്തില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

Summary: NueGo, India’s top electric bus brand from GreenCell Mobility, has officially launched the Kashmir to Kanyakumari (E-K2K) Electric Bus Expedition. This trip will cover over 4,000 kilometers, starting from Jammu at 3,500 feet above sea level and ending at the coastline of Kanyakumari.