ബിജെപിക്ക് തിരിച്ചടി: തെലങ്കാന എംഎൽഎ രാജാ സിംഗ് പാർട്ടി വിട്ടു; മികച്ച നേതൃത്വം വരണമെന്നാവശ്യം Setback for BJP in Telangana MLA Raja Singh leaves party demands better leadership
Last Updated:
തെലങ്കാനയിൽ പാർട്ടിയുടെ താൽപ്പര്യങ്ങളെക്കാൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കമെന്നും രാജാ സിംഗ്
മുതിർന്ന ക്രിമിനൽ അഭിഭാഷകനായ രാംചന്ദർ റാവുവിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് ഗോഷമഹൽ എംഎൽഎ ടി രാജ സിംഗ് പാർട്ടി വിട്ടു. പാർട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവർത്തകരോടുള്ള വഞ്ചനയാണിതെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിക്ക് അയച്ച രാജിക്കത്തിൽ രാജാ സിംഗ് പറഞ്ഞു. അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ അടുത്ത സഹായിയും, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗവുമായിരുന്നു രാംചന്ദർ റാവു.
ഞായറാഴ്ച സംഘടനാ സെക്രട്ടറി ചന്ദ്രശേഖർ രാംചന്ദർ റാവുവുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കുന്നില്ല.
തീരുമാനം തനിക്കും ബിജെപിയെ പിന്തുണച്ച ലക്ഷക്കണക്കിന് പ്രവർത്തകർക്കും, നേതാക്കൾക്കും, വോട്ടർമാർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയെന്നും ബിജെപിയുടെ ആദ്യ സർക്കാർ രൂപീകരിക്കാൻ തെലങ്കാന ഒരുങ്ങിയിരുന്നുവെന്നും എന്നാൽ തെറ്റായ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അതിനെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പ്രകടനം നടത്തുന്ന വ്യക്തികൾ അടിച്ചേൽപ്പിക്കുന്ന നേതൃത്വമാണത്. തെലങ്കാനയിൽ പാർട്ടിയുടെ താൽപ്പര്യങ്ങളെക്കാൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കമെന്നും തനിക്ക് നിശബ്ദത പാലിക്കാനോ എല്ലാം ശരിയാണെന്ന് നടിക്കാനോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ നിന്ന് പിന്മാറുമ്പോഴും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടും ധർമ്മസേവനത്തോടുമുള്ള തന്റെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്ന് രാജാ സിംഗ് കത്തിൽ വ്യക്തമാക്കി. ബുദ്ധിമുട്ടുള്ളതും എന്നാൽ അനിവാര്യവുമായ ഒരു തീരുമാനമാണിതെന്നും തനിക്കു വേണ്ടി മാത്രമല്ല, ഇന്ന് നിരാശരായ എണ്ണമറ്റ പ്രവർത്തകർക്കും വോട്ടർമാർക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ നിലവിലെ നേതൃത്വ സാഹചര്യം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തോട് രാജാ സിംഗ് അഭ്യർത്ഥിച്ചു. തെലങ്കാന ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അതിനായി സംസ്ഥാനത്ത് ശരിയായ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന രാമനവമി ഘോഷയാത്രയിൽ വഖഫ് നിയമ ഭേദഗതി രാജ്യത്ത് ഭൂമി ജിഹാദിന് അറുതി വരുത്തുമെന്നും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പറഞ്ഞ് രാജാ സിംഗ് വാർത്തകളിൽ ഇടം നേടിയിരുന്നു
June 30, 2025 6:38 PM IST