Leading News Portal in Kerala

ഇറാനിലെ ആക്രമണങ്ങളിൽ നിശബ്ദത പാലിച്ച് ഒഐസി; 57 മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടനയ്ക്ക് മൗനമെന്ത് ? OIC remains silent on attacks in Iran Why is the organization of 57 Muslim nations silent


Last Updated:

57 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 190 കോടി ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന ഇറാൻ വിഷയത്തിൽ മൗനം അവലമ്പിക്കുന്നതെന്തുകൊണ്ടാണെന്നാണ് ആഗോളതലത്തിൽ ഉയരുന്ന ചോദ്യം

മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം (AFP)മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം (AFP)
മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം (AFP)

ഗാസയിലെയും ഇറാനിലെയും ആക്രമണങ്ങളിൽ നിശബ്ദത പാലിച്ച് 57 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി). 57 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 190 കോടി ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന ഇക്കാര്യത്തിൽ മൗനം അവലമ്പിക്കുന്നതെന്തുകൊണ്ടാണെന്നാണ് ആഗോളതലത്തിൽ നിലവിൽ ഉയരുന്ന ചോദ്യം.

താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു

ഗാസയിലെ വംശഹത്യ, ഇറാനെതിരായ ഇസ്രായേൽ ആക്രമണം, ഉയ്ഗൂറുകൾക്കെതിരായ (Uyghur) പീഡനം തുടങ്ങിയ പ്രതിസന്ധികളുടെ സമയത്ത് മുസ്ലീം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒഐസി പരാജയപ്പെട്ടെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അധികാരങ്ങൾ നടപ്പാക്കുന്നതിന്റെയും കൂട്ടായ പ്രതിരോധ സംവിധാനത്തിന്റെയും അഭാവമാണ് ഒഐസിയുടെ പ്രധാന പോരായ്മകളിലൊന്ന്. സമവായത്തിലാണ് സംഘടന പലപ്പൊഴും പ്രവർത്തിക്കുന്നത്. സംഘടനയുടെ നിലപാടുകൾ പലപ്പോഴും വിഭജിക്കപ്പെട്ടതും പ്രതീകാത്മകവുമാണ്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യങ്ങൾ ഹമാസ് പോലുള്ള ഗ്രൂപ്പുകളെ സംബന്ധിച്ച ഏകീകൃത നടപടികളെ തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേലിനെതിരെ 31-ലധികം പ്രമേയങ്ങൾ

31-ലധികം പ്രമേയങ്ങളാണ് 2023 മുതൽ ഒഐസി ഇസ്രായേലിനെതിരെ പാസാക്കിയത്. പക്ഷേ ഇവ ഫലപ്രദമായില്ല, ഉപരോധങ്ങളോ അർത്ഥവത്തായ ഫലങ്ങളോ ഉണ്ടായില്ല. ഒഐസിയിലെ പല അംഗരാജ്യങ്ങൾക്കും യുഎസുമായും യൂറോപ്പുമായും ആഴത്തിലുള്ള ബന്ധമുണ്ട്. സൈനിക താവളങ്ങൾ, വ്യാപാരം, സഹായം എന്നിവ അംഗരാജ്യങ്ങൾ ഇവർക്ക് നൽകുന്നുമുണ്ട്. ഇത് ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനെ നിരുത്സാഹപ്പെടുത്തുന്നു. യുഎഇ, ബഹ്‌റൈൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് മുസ്ലീം ഐക്യദാർഢ്യത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു. സംഘർഷങ്ങൾക്കിടയിലും ഈ രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള വ്യാപാരം തുടർന്നു എന്നതും ശ്രദ്ധേയമാണ്.

ചൈനയുമായുള്ള പങ്കാളിത്തം

ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നതിനാൽ ഉയ്ഗൂറുകളോടുള്ള ചൈനയുടെ പെരുമാറ്റത്തിൽ ഒഐസി മൗനം പാലിക്കുകയാണ് . വാസ്തവത്തിൽ, 28 ഒഐസി അംഗങ്ങൾ സിൻജിയാങ്ങിലെ(Xinjiang) ചൈനയുടെ നയങ്ങളെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഒഐസി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 20.36% ആയി താഴ്ന്ന നിലയിലാണ്. ഇത് സാമ്പത്തിക ഐക്യത്തെ പരിമിതപ്പെടുത്തുകയും പാശ്ചാത്യ, ചൈനീസ് പങ്കാളിത്തങ്ങളെ ആശ്രയിക്കുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ആക്രമണങ്ങളിലെ നിഷ്ക്രിയത്വം

സുന്നി-ഷിയാ സംഘർഷങ്ങളിലും ഒഐസി നിഷ്‌ക്രിയമായിരുന്നു. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ഇടപെട്ടിട്ടില്ല. 48,500 പേർ കൊല്ലപ്പെട്ട ഗാസ വംശഹത്യയിൽ ഒഐസി കാര്യക്ഷമമായി ഇടപെടാഞ്ഞതും, ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ബോംബാക്രമണങ്ങളിൽ മൗനം പാലിച്ചതും, ഉയ്ഗൂർ തടങ്കൽപ്പാളയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ ചൈനയെ പ്രശംസിച്ചതും ഒഐസിയുടെ പ്രധാന പരാജയങ്ങളിൽ ഉൾപ്പെടുന്നതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.