ബാങ്കിൽ കന്നഡ തന്നെ വേണം; ഇംഗ്ലീഷ് വേണ്ട; കർണാടകത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെ ഉപഭോക്താവിന്റെ രോഷം | Woman’s altercation with Canara Bank staff over speaking Kannada goes viral
Last Updated:
കന്നഡ അറിയില്ലെങ്കില്‍ അവര്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്
കര്‍ണാടകയില്‍ വീണ്ടും ഭാഷയെച്ചൊല്ലി തർക്കം. കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ മലയാളിയായ കാനറ ബാങ്ക് ഉദ്യോഗസ്ഥയോട് കന്നഡയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു യുവതി ബഹളമുണ്ടാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തന്റെ അക്കൗണ്ടില്‍ നിന്ന് പണം അകാരണമായി നഷ്ടമായതിനെ കുറിച്ചാണ് ബാങ്ക് ഉദ്യോഗസ്ഥയോട് യുവതി ചോദിക്കുന്നത്. എന്നാല്‍ മലയാളം സംസാരിക്കുന്ന ജീവനക്കാരിക്ക് കന്നഡയില്‍ തന്നെ സഹായിക്കാനായില്ലെന്ന് യുവതി ആരോപിക്കുന്നു.
ചിക്ക്മംഗളൂരുവിലെ കാനറ ബാങ്ക് എഐടി സര്‍ക്കിള്‍ ശാഖയിലാണ് സംഭവം നടന്നത്. ആശുപത്രി ചെലവുകള്‍ക്കായി അക്കൗണ്ടില്‍ കരുതിയിരുന്ന തുകയില്‍ നിന്ന് അകാരണമായി പണം നഷ്ടപ്പെട്ടതിലുള്ള നിരാശയാണ് യുവതി ബാങ്കില്‍ ബഹളമുണ്ടാക്കാനുള്ള കാരണം. ഈ നിരാശയിലാണ് അവര്‍ ബാങ്കിലേക്കെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ജീവനക്കാരി പറയുന്നത് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇതാണ് ഭാഷയെച്ചൊല്ലിയുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്.
ബാങ്കിലെ ജീവനക്കാര്‍ക്ക് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതിന്റെ കാരണം കന്നഡയില്‍ വിശദീകരിക്കാത്തതിന്റെ നിരാശയും ആ ഉപഭോക്താവ് പങ്കുവെക്കുന്നുണ്ട്. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് വീഡിയോയില്‍ യുവതി പറയുന്നതും കേള്‍ക്കാം. മലയാളത്തിലും ഇംഗ്ലീഷിലുമായി കാരണം വിശദീകരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് മനസ്സിലാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ ഉപഭോക്താവായ യുവതി ദേഷ്യപ്പെടുകയും രോഷം പ്രകടിപ്പിക്കുകയുമാണുണ്ടായത്.
കൗണ്ടറിലെ മലയാളിയായ ജീവനക്കാരിയുടെ സാന്നിധ്യത്തെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. കന്നഡ അറിയില്ലെങ്കില്‍ അവര്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും യുവതി ചോദിക്കുന്നു. തന്റെ അക്കൗണ്ടില്‍ നിന്ന് മുന്‍കൂര്‍ അറിയിപ്പില്ലാതെ പണം നഷ്ടമായതിന് ഉത്തരം നല്‍കണമെന്ന് യുവതി ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഉഗ്യോഗസ്ഥ തന്നോട് സഹകരിച്ചില്ലെന്നും വീഡിയോയില്‍ യുവതി ആരോപിക്കുന്നുണ്ട്. ഉപഭോക്താവ് തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.
വീഡിയോയ്ക്ക് താഴെ പരാതിക്കാരിയ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു. ചിലര്‍ ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും മറ്റുചിലര്‍ ഇതിനെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നതിനുള്ള ഒരു നടപടിയായി വ്യാഖ്യാനിച്ചു. വിവരമാണോ വൈറല്‍ വീഡിയോ ആണോ നിങ്ങള്‍ക്ക് വേണ്ടത് എന്നായിരുന്നു ഒരു പ്രതികരണം. അതേസമയം, ഒരു വലിയ വിഭാഗം ഉപഭോക്താവിന്റെ പക്ഷം ചേര്‍ന്നു. ചിലര്‍ ബാങ്കിന്റെ നിയമന രീതികളെ തന്നെ ചോദ്യം ചെയ്തു.
സംഭവത്തില്‍ കന്നഡ അനുകൂലികള്‍ രൂക്ഷ വിമാര്‍ശനമാണ് ബാങ്കിനെതിരെ ഉയര്‍ത്തുന്നത്. കന്നഡ അറിയാത്ത ജീവനക്കാരെ ഉപഭോക്താളെ അഭിമുഖീകരിക്കുന്ന ചുമതലകളില്‍ നിയമിച്ചതിന് പ്രദേശിക കന്നഡ അനുകൂല സംഘടനയായ കന്നഡ സേനയിലെ അംഗങ്ങള്‍ ബാങ്കിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന തസ്തികകളില്‍ കന്നഡ അറിയാത്ത ജീവനക്കാരെ നിയമിക്കുന്നത് ശരിയല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ಏನ್ ಕರ್ಮ ಗುರು ನಮ್ದು 😐
ಹಿಂದಿ ಅವರದ್ದು ಆಯ್ತು ಈಗ malaylees start
What type of posting is this @canarabank ? If u can’t give customer service in customer language please close ur bank
Posting should be on linguistic basis even govt rules says it @CheKrishnaCk_ @naadu_nudi pic.twitter.com/OlCwpu7HXx— ರಾಷ್ಟ್ರಕೂಟ (@Rashtrakuta755) July 3, 2025
പ്രത്യേകിച്ചും കൃഷി പ്രധാന വരുമാനമാര്‍ഗ്ഗമായിട്ടുള്ള ഗ്രാമപ്രദേശങ്ങളില്‍ കന്നഡ സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കണമെന്നും സേനാംഗങ്ങള്‍ ആവശ്യപ്പെട്ടു. ജനരോഷം വര്‍ദ്ധിച്ചതോടെ കാനറ ബാങ്ക് എക്‌സിലെ ഔദ്യോഗിക അക്കൗണ്ട് വഴി സംഭവത്തില്‍ വിശദീകരണവുമായെത്തി. “കന്നഡ ഞങ്ങളുടെ അടിത്തറയാണ്. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി. കാനറ ബാങ്കിനെ സംബന്ധിച്ചിടത്തോളം കര്‍ണാടക ഒരു സംസ്ഥാനം മാത്രമല്ല അത് ഞങ്ങളുടെ ജന്മസ്ഥലമാണ്. കന്നഡ ഞങ്ങള്‍ക്ക് വെറുമൊരു ഭാഷയല്ല, അതൊരു വികാരമാണ്, അഭിമാനവുമാണ്. സംസ്ഥാനത്തെ എല്ലാ ശാഖകളിലും പ്രാദേശിക ഭാഷയില്‍ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”, ബാങ്ക് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
നേരത്തെ എസ്ബിഐയുടെ സൂര്യനഗര്‍ ശാഖയിലെ ബ്രാഞ്ച് മാനേജര്‍ ഉപഭോക്താവിനോട് കന്നഡ സംസാരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായിരുന്നു. പിന്നീട് ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചു. ഭാഷാ അവകാശങ്ങളെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചയ്ക്ക് ഈ വിവാദം തുടക്കമിട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബാങ്ക് മാനേജറുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചിരുന്നു. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങള്‍ കന്നഡയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കണമെന്നും അല്ലെങ്കില്‍ തദ്ദേശീയ ജനത അകറ്റി നിര്‍ത്താന്‍ സാധ്യതയുണ്ടെന്നും എംപി തേജസ്വി സൂര്യ, ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
July 07, 2025 8:10 PM IST
ബാങ്കിൽ കന്നഡ തന്നെ വേണം; ഇംഗ്ലീഷ് വേണ്ട; കർണാടകത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെ ഉപഭോക്താവിന്റെ രോഷം