Leading News Portal in Kerala

ടീമുകൾ ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് ചെയ്യാൻ നിർദേശം; IPL ഉടൻ പുനരാരംഭിക്കാൻ BCCI നീക്കം Teams asked to report by Tuesday BCCI moves to resume IPL soon


Last Updated:

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവച്ചതായി ബിസിസിഐ പ്രഖ്യാപിച്ചത്

News18News18
News18

ഐ‌പി‌എൽ 2025 ഉടൻ പുനരാരംഭിക്കാൻ ബിസിസിഐ നീക്കം. പഞ്ചാബ് കിംഗ്സ് ഒഴികെയുള്ള എല്ലാ ടീമുകളോടും ചൊവ്വാഴ്ചയോടെ അതത് വേദികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഷെഡ്യുൂൾ പ്രകാരം മെയ് 25 ന് ഐ‌പി‌എൽ ഫൈനൽ ലക്ഷ്യമിടുന്നതിനാൽ ബോർഡ് വേഗത്തിൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവച്ചതായി ബിസിസിഐ പ്രഖ്യാപിച്ചത്. ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോർഡ് സർക്കാരുമായി കൂടിയാലോചിക്കുകയും എല്ലാ ടീമുകളുമായും ചർച്ച നടത്തുകയും ചെയ്യുമെന്നാണ് വിവരം.

ടൂർണമെന്റ് നിർത്തിവച്ചതായുള്ള ബിസിസിഐയുടെ പ്രഖ്യാപനത്തെത്തുടർന്ന് മിക്ക വിദേശ കളിക്കാരും സപ്പോർട്ട് സ്റ്റാഫും സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.ഫ്രാഞ്ചൈസികൾ കളിക്കാരെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. പഞ്ചാബ് കിംഗ്സ് അവരുടെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഒരു നിഷ്പക്ഷ വേദിയിൽ കളിക്കുമെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഐപിഎൽ 2025 മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. ജൂൺ 11 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീടീമുകൾ ഏറ്റുമുട്ടുന്നതിനാൽ മത്സരം നീട്ടിക്കൊണ്ട് പോകുന്നത് ഈ ടീമുകളിലെ കളിക്കാരുടെ ലഭ്യത കുറയാൻ കാരണമാകും. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുൾപ്പെടെ മൂന്ന് വേദികളുടെ പട്ടിക ബിസിസിഐ തയ്യാറാക്കിയതായും റിപ്പോർട്ടുണ്ട്.