Leading News Portal in Kerala

സ്വർണമാല കട്ടെടുത്ത പേരമകനോട് ‌അമ്മൂമ്മ ക്ഷമിച്ചു; 1000 രൂപ സമ്മാനവും നൽകി| elderly woman forgives grandson who stole her gold necklace in alappuzha


Last Updated:

എങ്ങനെയെങ്കിലും മാല തിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു മനസ്സില്‍. ‌ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായിരുന്നു ആ മാല. കേസും കൂട്ടവുമായാൽ ചെറുമകൻ ജയിലിലുമാകും. മാല ഉടനെയൊന്നും കിട്ടുകയുമില്ല

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഒന്നരപ്പവന്റെ സ്വർണമാല കവർന്ന കൊച്ചുമകനോട് ആ അമ്മൂമ്മ ക്ഷമിച്ചു. മാല വിറ്റ് പണം നേടാനുള്ള നീക്കം പരാജയപ്പെട്ടതോടെ മൂന്ന് ദിവസം കഴിഞ്ഞ് മാല തിരികെ നൽകിയ കൊച്ചുമകന് അമ്മൂമ്മ ആയിരം രൂപ പാരിതോഷികവും നൽകി. ആലപ്പുഴ നഗരത്തിലാണ് സംഭവം.

65 വയസുകാരിയായ സ്ത്രീ എല്ലാ ദിവസവും ഉറങ്ങുംമുൻപ് മാല തലയിണയുടെ താഴെ ഊരിവെക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രിയും അത്തരത്തിൽ ചെയ്തു. വ്യാഴാഴ്ച രാവിലെ ഉറക്കമുണർന്നുനോക്കുമ്പോൾ മാലയില്ല. ചെറുമകൻ ഇടയ്ക്കിടയ്ക്ക് ചെറിയ തുകയൊക്കെ വീട്ടിൽനിന്ന് ആരുമറിയാതെ കൊണ്ടുപോകുന്നതിനാൽ അവൻ തന്നെയാണ് മോഷ്ടാവെന്ന് ഉറപ്പിക്കാൻ അമ്മൂമ്മയ്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. പക്ഷേ, ചെറുമകനെ പൊലീസിനെക്കൊണ്ടുപിടിപ്പിക്കാനും അവർക്ക് മനസ്സുവന്നില്ല.

എങ്ങനെയെങ്കിലും മാല തിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു മനസ്സില്‍. ‌ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായിരുന്നു ആ മാല. കേസും കൂട്ടവുമായാൽ ചെറുമകൻ ജയിലിലുമാകും. മാല ഉടനെയൊന്നും കിട്ടുകയുമില്ല. പിന്നാലെ കേസെടുക്കരുതെന്നും മാല തിരിച്ചുകിട്ടിയാൽ മതിയെന്നുംപറഞ്ഞ് അമ്മൂമ്മ പൊലീസിനെ സമീപിച്ചു.

ജില്ലയിലെ 25ഓളം ജ്വല്ലറികളിൽ യുവാവ് മാല വിൽക്കാനെത്തിയെങ്കിലും ആരും വാങ്ങിയില്ല. ഇതിനിടെ മാലയുടെ ഒരുഭാഗം മുറിച്ച് അതുമാത്രം വിൽക്കാനും യുവാവ് ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ശനിയാഴ്ച യുവാവ് അമ്മൂമ്മയ്ക്കുതന്നെ മാല തിരിച്ചുനൽകി. തെറ്റുപറ്റിപ്പോയെന്നും പറഞ്ഞു. ഇതോടെ വയോധികയ്ക്ക് സങ്കടം അടക്കാനായില്ല.

പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച കൊച്ചുമകൻ ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയശേഷമാണ് ആളാകെമാറിയത്. അച്ഛനും അമ്മയും വേർപിരിഞ്ഞുകഴിയുകയാണ്. അവനെ എങ്ങനെയങ്കിലും നേർവഴിക്ക് കൊണ്ടുവരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ആ വയോധികയ്ക്കുള്ളത്.